കാസര്‍കോട്: പ്രശസ്തമായ പുലിക്കുന്നു ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 22ന് രാവിലെ ഗണപതിഹോമത്തോടെ ആരംഭിക്കും. 25നു പുലര്‍ച്ചെ ആയിരത്തിരി മഹോത്സവം നടക്കും. 27നു രാത്രി ഭണ്ഡാരം തിരിച്ചെഴുന്നള്ളിപ്പോടെ ആറു ദിവസം നീണ്ടു നില്‍ക്കുന്ന കളിയാട്ട മഹോത്സവം സമാപിക്കും.
23നു വൈകിട്ടു മുതല്‍ പുല്ലൂര്‍ണന്‍, കാളപ്പുലിയന്‍, പുലികണ്ഠന്‍, കരിന്തിരി നായര്‍, പുലിച്ചേകവന്‍, പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ വെള്ളാട്ടവും തോറ്റവും തിടങ്ങലും കുളിച്ചേറ്റവും ഉണ്ടാവും.
നടുക്കളിയാട്ട ദിവസമായ 24നു ഇതേ തെയ്യങ്ങള്‍ക്കു പുറമെ പുള്ളിക്കരിങ്കാളിയമ്മ, പുല്ലൂരാളി, മന്ത്രമൂര്‍ത്തി തെയ്യങ്ങളുടെ തോറ്റവും 25നു പുലര്‍ച്ചെ പുള്ളിക്കരിങ്കാളി അമ്മയുടെ തിരുപ്പുറപ്പാടോടെ ആയിരത്തിരി മഹോത്സവവും നടക്കും. ഇതേ തെയ്യങ്ങള്‍ക്കു പുറമെ വേട്ടയ്ക്കൊരു മകന്‍ തെയ്യാട്ടം നടക്കും. മൂന്നാം കളിയാട്ടം 26നു രാവിലെ കാര്യക്കാരന്റെ പ്രസാദ വിതരണത്തോടെ തുടങ്ങും. മറ്റെല്ലാ തെയ്യങ്ങളും കെട്ടിയാടും. 27നു രാവിലെ മുതല്‍ കാളപ്പുലിയന്‍ തെയ്യം, കാര്യക്കാരന്‍, പുലികണ്ഠന്‍, വേട്ടയ്ക്കൊരു മകന്‍, മന്ത്രമൂര്‍ത്തി, പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി, പുല്ലൂര്‍ണ്ണന്‍, പൂമുടി എന്നിവയും രാത്രി പുല്ലൂര്‍ണ്ണന്‍ തെയ്യത്തിന്റെ തിരുമുടി അവരോഹണവും നടക്കും. 24നു മുത്തപ്പന്‍ തിരുമുല്‍ക്കാഴ്ചാ കമ്മിറ്റി, ഭഗവതി മഹിളാ സംഘം എന്നിവയുടെ തിരുമുല്‍ക്കാഴ്ചാ സമര്‍പ്പണം നടക്കും. 22നു രാത്രി ശ്രീഭഗവതി മഹിളാ സംഘത്തിന്റെ നൃത്ത പരിപാടികളും മെഗാതിരുവാതിരയും ഉണ്ടാവും. 25നു യുവജനസംഘം പ്രശസ്ത സിനിമാ പിന്നണി ഗായകരെ പങ്കെടുപ്പിച്ചു കൊണ്ട് മെഗാഹിറ്റ് ഗാനമേള നടത്തും. തുലാഭാരം, പന്തല്‍ മുഹൂര്‍ത്തം, ചുറ്റുവിളക്ക്, വിവിധ മത്സരവിജയികള്‍ക്കുള്ള വനിതാ സംഘത്തിന്റെയും യുവജന സംഘത്തിന്റെയും സമ്മാനവിതരണം എന്നിവയുമുണ്ടായിരിക്കുന്നതാണ്.
