കൊച്ചി: ക്ഷേത്രത്തില്‍ നിന്നും പശുക്കളെ മോഷ്ടിച്ച കേസില്‍ ഗോശാല സൂക്ഷിപ്പുകാരന് ഒടുവില്‍ അറസ്റ്റിലായി. തമിഴ്നാട് മധുര തിരുപ്രമുടം ഓത്തേരു തെരുവില്‍ ജയപാണ്ഡി എന്ന ഗണേശനെ(40)യാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റിന് കീഴിലുള്ള വാമനമൂര്‍ത്തി ക്ഷേത്രത്തിലെ ഗോശാലയുടെ സൂക്ഷിപ്പുകാരനായ ഇയാള്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ഇവിടെ നിന്നും 5 പശുക്കളേയും 3 കിടാവുകളേയും മോഷ്ടിച്ച് വില്‍പ്പന നടത്തുകയായിരുന്നു. പശുക്കള്‍ക്കും കിടാവിനും കൂടി അഞ്ച് ലക്ഷം രൂപ വിലവരും. ഇന്‍സ്പെക്ടര്‍ ടി.എം സൂഫി, എസ്.ഐ റിന്‍സ് എം.തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് കേസ് അന്വേഷിച്ചത്.
