കാസര്‍കോട്: ഇരു വൃക്കകകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ശ്രേയസിന്റെ ജീവന്‍ രക്ഷിക്കാനായി ‘മാധവം’ ബസ് കാരുണ്യ യാത്ര തുടങ്ങി. കാസര്‍കോട്-മഞ്ഞംപാറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിന്റെ ഇന്നത്തെ കലക്ഷന്‍ തുക മുഴുവനും ശ്രേയസിന്റെ ചികിത്സക്കായി നല്‍കും. ബസിനു തിങ്കളാഴ്ച രാവിലെ മുള്ളേരിയയില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. മുള്ളേരിയ, പാര്‍ത്ഥകൊച്ചിയിലെ കൂലിപ്പണിക്കാരനായ ശരത്-അനുപമ ദമ്പതികളുടെ മകനാണ് ശ്രേയസ്. വിദ്യാശ്രീ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ശ്രേയസിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ചെലവേറിയ ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനുള്ള സാമ്പത്തിക പശ്ചാത്തലമല്ല പിതാവിന്റേത്. ഇക്കാര്യം തിരിച്ചറിഞ്ഞു കൊണ്ടാണ് മാധവം ബസ് കാരുണ്യ യാത്രയുമായി രംഗത്തിറങ്ങിയത്.
