പാലക്കാട്: ഉപ്പുംപാടത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. തോലന്നൂര്‍ സ്വദേശിനിയും ഉപ്പും പാടത്തെ വാടക വീട്ടില്‍ താമസക്കാരിയുമായ ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് രാജനെ ഗുരുതരനിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ച്ച മുമ്പാണ് രാജനും കുടുംബവും ഉപ്പുംപാടത്തെ വാടക വീട്ടില്‍ താമസം തുടങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാവുകയും പ്രകോപിതനായ രാജന് കത്തിയെടുത്ത് ചന്ദ്രികയെ കുത്തുകയും അതേ കത്തി കൊണ്ട് സ്വയം കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രികയുടെ നിലവിളി കേട്ട് മുകള്‍ നിലയില്‍ നിന്നു താഴെയെത്തിയ മകളാണ് ഇരുവരെയും ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും ചന്ദ്രിക മരിച്ചിരുന്നു. ചന്ദ്രികയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
