കാസര്‍കോട്: അമേരിക്കയില്‍ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മാലോത്ത്, അശോകച്ചാലിലെ പി.ആര് മായയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിയായ സുനില്‍ ജോസ് എന്ന ആള്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു.
2022 ഡിസംബര്‍ 17 മുതല്‍ വിവിധ ദിവസങ്ങളിലായി എട്ടുലക്ഷം രൂപ കൈക്കലാക്കി തന്നെയും ഭര്‍ത്താവിനെയും സുനില്‍ ജോസ് വഞ്ചിച്ചതായി മായ നല്കിയ പരാതിയില്‍ പറയുന്നു. സുനില്‍ ജോസിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
മറ്റൊരു വിസ തട്ടിപ്പ് സംഭവത്തില്‍ നീലേശ്വരം പൊലീസും കേസെടുത്തു. നീലേശ്വരം, മുണ്ടേമ്മാടിലെ ഇ. സുമ നല്കിയ പരാതിയില്‍ കോഴിക്കോട്, കൊടുവള്ളി പുനത്തുംകുഴിയിലെ പി.കെ സക്കീറിനെതിരെയാണ് കേസെടുത്തത്. യൂറോപ്യന്‍ വിസ വാഗ്ദാനം ചെയ്ത് 2024 ഫെബ്രുവരി 9 മുതല്‍ 2024 ജുലായ് 10 വരെയുള്ള സമയത്ത് വിവിധ അക്കൗണ്ടുകളിലേക്ക് മൂന്നു ലക്ഷം രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നു സുമ നല്കിയ പരാതിയില്‍ പറയുന്നു. വിസയോ പണമോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്.
