കാസര്‍കോട്: മാതാവിനോട് വഴക്കിടുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ അനുജനെ കത്രിക കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച ജ്യേഷ്ഠനെ പൊലീസ് അറസ്റ്റു ചെയ്തു. കിദൂര്‍, പഞ്ചിക്കല്‍ ഹൗസിലെ ജോസഫി (31)നെയാണ് കുമ്പള ഇന്‍സ്പെക്ടര്‍ കെ പി വിനോദ് കുമാറും എസ്‌ഐ ശ്രീജേഷും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ജോസഫിന്റെ സഹോദരന്‍ ജോയി കിഷോ(26)ന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. വെല്‍ഡിംഗ് ജോലിക്കു പോയി തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ജ്യേഷ്ഠസഹോദരനായ ജോസഫ് മാതാവുമായി ദേഷ്യപ്പെടുന്നത് കണ്ട് ഇടപെട്ടപ്പോള്‍ അടിക്കുകയും വയറ്റില്‍ ഇടിക്കുകയും ചെയ്തതായും തടയാന്‍ ശ്രമിച്ചപ്പോള്‍ കത്രിക കൊണ്ട് കുത്താന്‍ ശ്രമിക്കുകയും ചെയ്തതായി കിഷോര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
