പാട്ന: ബീഹാറില്‍ പട്ടാപ്പകല്‍ 16കാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി. മാര്‍ക്കറ്റില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ രണ്ടംഗസംഘമാണ് തട്ടിക്കൊണ്ടു പോയത്. യുവതിയെയും റാഞ്ചികളെയും പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ചയായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിക്കു മുന്നില്‍ രണ്ടംഗസംഘം ബൈക്ക് നിറുത്തുകയും അതില്‍ നിന്നിറങ്ങിയ ഒരാള്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ചു ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നു പറയുന്നു. കുതറിമാറി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിക്കു പിന്നാലെ വീണ്ടും ബൈക്കിലെത്തിയ സംഘം എത്തുകയും ഇരുവരും ചേര്‍ന്നു ബലം പ്രയോഗിച്ചു ബൈക്കിലിരുത്തി സ്ഥലം വിടുകയുമായിരുന്നു. മാര്‍ക്കറ്റില്‍ പോയ മകള്‍ തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്നു മാതാവു നല്കിയ പരാതിയില്‍ പൊലീസ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ചു തട്ടിക്കൊണ്ടു പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. പെണ്‍കുട്ടിക്കും പ്രതികള്‍ക്കും വേണ്ടി അന്വേഷണം തുടരുകയാണെന്നു പൊലീസ് വെളിപ്പെടുത്തി.
