ആണ്ടി മുസോറും പാറ്റേട്ടിയും (ഭാഗം -3)

ആണ്ടിയുടെ നേതൃത്വത്തില്‍ ആറ് യുവാക്കള്‍ പ്രക്കാനത്തെ ഏതു പ്രശ്നങ്ങളിലും ഇടപെടും. പ്രവര്‍ത്തനത്തിന് ശക്തി പകരാന്‍ പാറ്റേട്ടി എന്നും സന്നദ്ധയായിട്ടുണ്ടാവും. പറഞ്ഞപ്രകാരം അടുത്ത ദിവസം സന്ധ്യക്ക് തങ്ങളുടെ നിത്യ കള്ളുകുടി പരിപാടിക്കു ശേഷം കാട്ടുപിടിയന്മാരുടെ തന്ത്രങ്ങള്‍ അറിയാന്‍ അവര്‍ യാത്രയായി. ആയുധങ്ങളില്ലാതെയാണ് യാത്ര. ഒരൊറ്റ തോര്‍ത്തു മുണ്ടും തലയില്‍ തൊപ്പി പാളയും മാത്രം. തണുപ്പകറ്റാന്‍ ഓരോ കെട്ട് സാധു ബീഡിയും തൊപ്പിപ്പാളക്കകത്ത് കരുതിയിരുന്നു. പാറ്റ ഓലച്ചൂട്ട് തയാറാക്കി വെച്ചിരുന്നെങ്കിലും അവര്‍ എടുത്തില്ല. കാട്ടുപിടിയന്മാരെ കുറിച്ച് അറിയാവുന്ന ചില ആളുകളോട് ആണ്ടി ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്. സന്ധ്യയോടെയാണ് അവര്‍ ഡ്യൂട്ടിക്ക് ഇറങ്ങുക. കോണകം മാത്രം ധരിക്കും. ശരീരമാകെ കരി വാരി തേക്കും. ആളെ തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കും. ഇവര്‍ മൂന്നോ നാലോ ആളുകളേ ഉണ്ടാവൂ പ്രക്കാനത്തിനടുത്തുള്ള ഓലാട്ടുകാരാണിവര്‍ അധ്വാനിക്കാന്‍ മടിയുള്ളവര്‍. സമ്പത്ത് ഉള്ളവരില്‍ നിന്ന് പിടിച്ചെടുക്കുകയെന്നതാണ് ഇവരുടെ ജീവിതസംഹിത. ഈ പ്രദേശത്തിന് വടക്കുള്ള പുത്തിലോട് പിലിക്കോട് ഭാഗങ്ങളില്‍ നമ്പ്യാര്‍, നായര്‍, പൊതുവാള്‍ തുടങ്ങിയ യശമാനിത്തമുള്ളവരാണ് താമസിച്ചിരുന്നത്. ഇവരുടെ ബന്ധുക്കള്‍ പ്രക്കാനത്തിന് കിഴക്കുള്ള പുത്തൂര്‍ കൊഴുമ്മല്‍ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. പടിഞ്ഞാറുള്ള യശമാനന്‍മാര്‍ ബന്ധുജനങ്ങളെ കാണാന്‍ ഈ വഴിയിലൂടെയാണ് നടന്നു പോവാറ്. തിരിച്ചു വരുന്നതും ഇതേ വഴിയിലൂടെത്തന്നെ. പോകുമ്പോഴും വരുമ്പോഴും ഇവരുടെ കയ്യില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളും പലഹാരപ്പൊതികളും ഉണ്ടാവും. ഒളിച്ചിരിക്കുന്ന കാട്ടുപ്പിടിയന്മാര്‍ പെട്ടെന്ന് ഇവരുടെ മുന്നില്‍ ചാടിവീഴും. കയ്യിലുള്ളതെല്ലാം പിടിച്ചു പറിച്ചെടുത്ത് ഓടും. ദേഹോപദ്രവമൊന്നും ചെയ്യില്ല. ഇക്കാര്യങ്ങളെല്ലാം പാറ്റയേട്ടിയും കേട്ടിരുന്നു. യാത്ര പുറപ്പെടും മുമ്പ് ‘അക്കൂട്ടരെ ദ്രോഹിക്കുകയൊന്നും ചെയ്തേക്കല്ലേ? ഇല്ലാത്തത് കൊണ്ടല്ലേ ഉള്ളവരില്‍ നിന്ന് പിടിച്ചെടുക്കുന്നത് ‘എന്ന് ആണ്ടിയോട് പ്രത്യേകം പാറ്റ പറഞ്ഞിരുന്നു.
നടന്ന് നടന്ന് കാട്ടുപ്പിടിയന്മാരുടെ പ്രവര്‍ത്തനത്താവളത്തിലെത്തി. ആറു പേരും കാട്ടുപ്പിടിയന്മാരെ പോലെ കോണകത്തില്‍ മാത്രമായി കാട്ടുവഴിയിലെത്തി. ഇതാരാ നമ്മെ പോലെ വേറൊരു ഗ്രൂപ്പും ഇവിടെ ഇറങ്ങിയാ അവര്‍ പരസ്പരം പറഞ്ഞു. കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന കാട്ടുപിടിയന്മാര്‍ മെല്ലെ ആണ്ടിയുടെയും കൂട്ടുകാരുടെയും അടുത്തെത്തി.
ആണ്ടി നേതൃത്വം കൊടുത്തു. എല്ലാവരും അവിടെയിരുന്നു. രണ്ടു കൂട്ടരും പരസ്പരം അവരവരുടെ ദൗത്യം പങ്കുവെച്ചു. ഇനി ഇതാവര്‍ത്തിക്കല്ലേ എന്നുള്ള ആണ്ടിയുടെ ഉപദേശത്തെ അവര്‍ ശിരസാവഹിച്ചു. പിന്നീട് കാട്ടുപ്പിയന്മാര്‍ നാട്ടില്‍ ഉണ്ടായില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. തങ്ങളുടെ ഉദ്ദേശം സൗമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞു എന്നുള്ളതില്‍ ആണ്ടി സംഘത്തിന് സംതൃപ്തി ഉണ്ടായി.
പ്രക്കാനം ദേശത്തിന്റെ പടിഞ്ഞാറ് ഭാഗം നെല്‍വയലുകളാണ്. കിഴക്കുഭാഗത്ത് ആരുടെയും കൈവശമല്ലാതെ കിടക്കുന്ന തരിശുഭൂമികള്‍ ഉണ്ട്. ആവശ്യമുള്ളവര്‍ കൊത്തിപ്പിടിക്കുന്ന രീതിയാണ് അന്നുണ്ടായിരുന്നു. അതിന് ശേഷം രേഖയുണ്ടാക്കും. ഏതു ദേശത്തു നിന്ന് ഏത് ഭാഷക്കാര്‍ വന്നാലും അവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന സ്വഭാവമായിരുന്നു പ്രക്കാനം ദേശക്കാര്‍ക്ക്. കുമ്മായം ഉണ്ടാക്കുന്ന ചെരുപ്പു നിര്‍മ്മിക്കുന്ന ഒരു കുടുംബം ഇവിടെ എത്തി. അവര്‍ ആന്ധ്രയില്‍നിന്നോ മൈസൂരില്‍ നിന്നോ വന്നവരാണ്. കര്‍ണ്ണാടകം തെലുങ്ക് തുടങ്ങിയ ഭാഷകളാണ് അവര്‍ സംസാരിക്കുന്നത്. മധ്യ വയസ്സിലെത്തിയ ഉച്ചന്‍ എന്ന് പേരായ വ്യക്തിയായിരുന്നു അവരുടെ നേതാവ്. അവര്‍ക്ക് താമസിക്കാന്‍ കുടില്‍ കെട്ടാനും കൃഷി ചെയ്യാനും കുറച്ചു ഭൂമി നാട്ടുകാരെല്ലാം ഒപ്പം നിന്ന് അവര്‍ക്ക് നല്‍കി. ഉച്ചന്റെ ഭാര്യയും മക്കളും അവരുടെ ബന്ധുക്കളുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. പ്രക്കാനം പ്രദേശത്തുകാരെ പോലെ വൃത്തിയും വെടിപ്പുമൊന്നും അവര്‍ക്കില്ല. ‘ചപ്രത്തലമുടിയും വൃത്തിഹീനമായ വസ്ത്രങ്ങള്‍ ധരിച്ചുമാണ് അവരുടെ നടത്തം. അവരുടെ ‘സ്ത്രീകള്‍ കഴുത്തിലും കയ്യിലും കാതിലും വിവിധ നിറത്തില്ലള്ള കല്ലുമാലകളും മറ്റും ധരിക്കും. ആഹാര രീതിയാണ് നാട്ടുകാര്‍ക്ക് തീരെ പിടിക്കാതെ പോയത് ചത്ത കന്നുകാലികളെ എടുത്തു കൊണ്ടുവന്നു അവ ഭക്ഷണമാക്കും. തൊലിയെടുത്ത് വൃത്തിയാക്കി ചെരുപ്പു നിര്‍മ്മാണത്തിനു പയോഗിക്കും. വര്‍ഷങ്ങള്‍ പലതും കടന്നുപോയപ്പോള്‍ അവര്‍ പെറ്റുപെരുകി ചെറിയ ചെറിയ കുടുംബങ്ങളായി പല ദേശങ്ങളിലേക്കും കുടിയേറിപ്പോയി. കുറുവന്‍ കുന്നിന്റെ ചെരിവുകളിലും കുണ്ടു പൊയിലിലും പാലക്കുന്നിലും അവരുടെ തലമുറ ഇന്നും ജീവിച്ചു വരുന്നുണ്ട്. പ്രക്കാനം ദേശത്ത് ഉച്ചന്‍വളപ്പ് എന്നറിയപ്പെടുന്ന വിശാലമായ പറമ്പ് ഇന്നുമുണ്ട്. ‘
കശുവണ്ടി സീസണായാല്‍ പാറ്റയ്ക്ക് അല്പം കൂടി പണി കൂടും. ആണ്ടിക്ക് ആറ് ഏക്രയോളം പറമ്പുള്ളതില്‍ പകുതിയും കശുവണ്ടി തോട്ടമാണ്. കശുവണ്ടി ശേഖരിക്കുക; അതിന്റെ പഴം ശേഖരിക്കുക എന്നതും ‘ കശുവണ്ടി പഴം ഇടിച്ച് പിഴുതെടുത്ത് റാക്ക് വാറ്റിയെടുക്കേണ്ടതും പാറ്റയുടെ ഡ്യൂട്ടിയാണ്. പ്രക്കാനത്ത് മിക്കവരുടെ പറമ്പിലും പറങ്കിമാവുണ്ട്. അവരും അത്യാവശ്യം റാക്കു വാറ്റിയെടുക്കും. ഈ സീസണില്‍ സന്ധ്യ മയങ്ങിയാല്‍ ആണുങ്ങള്‍ റാക്കും കുടിച്ച് ആലസ്യത്തിലായിരിക്കും. പറങ്കിമാങ്ങയില്‍ നിന്നുണ്ടാക്കുന്ന റാക്ക് വില്പന നടത്തുന്ന പരിപാടിയില്ല. അത് മരുന്നിന് വേണ്ടി കുപ്പിയിലോ അടച്ചുറപ്പുള്ള പാത്രത്തിലോ നിറച്ച് മണ്ണില്‍ കുഴിച്ചുമൂടി വെക്കും. ഒരു വര്‍ഷമൊക്കെ കഴിഞ്ഞേ അത് പുറത്തെടുത്ത് ഉപയോഗിക്കൂ. അത്യാവശ്യം ചിലര്‍ക്ക് മരുന്നായി ഉപയോഗിക്കാന്‍ സൗജന്യമായി നല്‍കും. പാറ്റ പറങ്കിമാങ്ങ റാക്ക് വാറ്റിയെടുക്കുന്നതില്‍ പ്രഗത്ഭയാണ്. അന്യ നാട്ടുകാര്‍ വരെ ആണ്ടി മുസോറുടെ വീട്ടിലേക്ക് റാക്കിന്റെ ആവശ്യത്തിനായി സന്ദര്‍ശകരായി എത്താറുണ്ട്. എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്നത് പാറ്റയുടെ തീരുമാനമാണ്. ആണ്ടിയുടെ നിത്യ സന്ദര്‍ശകരായ സുഹൃത്തുക്കള്‍ക്കു കള്ളു നല്‍കിയതിന് ശേഷം അല്‍പം റാക്കും നല്‍കും. അമിതമാകാതിരിക്കാന്‍ പാറ്റ ശ്രദ്ധിക്കും. നടന്നു പോകുന്ന കിളയില്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പുകളൊക്കെയുണ്ട്. കരിങ്കല്‍ പാറകളുണ്ട്. നടത്തം അല്‍പം തെറ്റി പോയാല്‍ അപകടം വരും. പാറ്റ ഒരു ഉപകാരം കൂടി ചെയ്തു കൊടുക്കും. അവര്‍ക്ക് ഒന്നോ രണ്ടോ ഓലച്ചൂട്ട് കെട്ടിവെച്ച് നല്‍കും. കശുവണ്ടി സീസണായാല്‍ അല്‍പം കൂടി വൈകിട്ടേ പോവൂ. നല്ല പൂസായാല്‍ പന്നി കുഞ്ഞാപ്പു പാട്ടുംപാടിയാണ് നടത്തം.
രാത്രിയിലാണ് മീന്‍ വില്‍പനക്കാരികളായ സ്ത്രീകള്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് തിരിച്ചു വരിക. അവര്‍ക്ക് അവരുടെ താമസസ്ഥലമായ കരിവെള്ളൂര്‍ മയില്‍ വളപ്പിലേക്ക് എത്തണം. മീന്‍ വില്‍പന നടത്തിയാല്‍ പൈസയല്ല നല്ല തേങ്ങ എന്നിവയും സൗജന്യമായി കിട്ടുന്ന പച്ചക്കറികളും കൂട്ട നിറച്ചും ഉണ്ടാകും. ഒരാള്‍ക്ക് കഷ്ടിച്ചു നടന്നു പോകാന്‍ പറ്റുന്ന കിളകളാണ് പ്രദേശത്ത്. പന്നിക്കുഞ്ഞപ്പുവും കൂട്ടരും വടക്കോട്ടാണ് പോകേണ്ടത് മീന്‍കാരിപെണ്ണുങ്ങള്‍ തെക്കോട്ടും. അവരുടെ കയ്യിലും കത്തിച്ചു പിടിച്ച ഓലച്ചൂട്ട് ഉണ്ടാവും. രാവിലെ മീന്‍ ചുവടുമായി വീടുവീടാന്തരം കയറി ഇറങ്ങി ക്ഷീണിച്ചാണ് വരവ്. നല്ല വിശപ്പുമുണ്ടാവും. പന്നിക്കുഞ്ഞപ്പുവിന്റെ പാട്ടുപാടിക്കൊണ്ടുള്ള വരവു കണ്ടാല്‍ മീന്‍കാരി പെണ്ണുങ്ങള്‍ കയ്യാലയ്ക്ക് പറ്റിനില്‍ക്കും. അടുത്തെത്തിയാല്‍ കുഞ്ഞപ്പു ശബ്ദമുയര്‍ത്തി പേടിപ്പിക്കും. ദ്രോഹിക്കുകയൊന്നും ചെയ്യില്ല. എന്തെങ്കിലും ചെയ്താല്‍ പെണ്ണുങ്ങള്‍ വെറുതെ വിടില്ല. ഓലച്ചൂട്ട് കൊണ്ട് മുഖത്ത് കുത്തും. അത്രയ്ക്കും തന്റേടികളാണ് മൊയ്പാറ്റ മൊയ് പാറു തുടങ്ങിയ മീന്‍ വില്‍പന നടത്തുന്ന സ്ത്രീകള്‍.
ആണ്ടി മൂസോര്‍ക്ക് അല്‍പം ലഹരി അകത്തു കടന്നാല്‍ നല്ല സന്തോഷമാണ്. പാറ്റയോട് കൂടുതല്‍ സ്നേഹത്തോട് ഇടപെടും. നല്ല പോലെ ഭക്ഷണം കഴിക്കും. ഒരു വലിയ കിണ്ണം ചോറ് ഒറ്റയിരുപ്പിന് അകത്താക്കും. മീന്‍ കറി വേണമെന്ന് നിര്‍ബ്ബന്ധമാണ്. മത്തി സീസണായാല്‍ നല്ല കുശാലാവും. നങ്കന്‍ രാമനും തവളച്ചന്തുവും വലിയ മത്തി കിട്ടിയാല്‍ അതുമായിട്ടാണ് ആണ്ടിയുടെ വീട്ടിലെത്തുക. അത് ചുട്ടുതിന്നാനാണ് കൂടുതല്‍ രുചി എന്നാണവരുടെ അഭിപ്രായം. അതിന് പാറ്റയെ ബുദ്ധിമുട്ടിക്കില്ല. ചുള്ളി വിറകുകള്‍ കൂട്ടി അതിന്‍മേല്‍ മത്തിവെച്ച് തീ കൊളുത്തി ചുട്ടെടുക്കും. മത്തി ചുടുന്ന മണം നാടാകെ പരക്കും. ചുട്ടമത്തിയും കള്ളും റാക്കും നല്ല കോമ്പിനേഷന്‍ എന്നാണ് അവരുടെ അഭിപ്രായം. ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും പാറ്റയുടെ മനസ്സിലും ചില ആശയങ്ങളും ആഗ്രഹങ്ങളും ഉദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ശിങ്കാരി ബീഡി കമ്പനി ഉടമയുടെ വീട്ടില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ്; സൂത്രധാരനായ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍, പിടിയിലായത് തട്ടിപ്പ് കേസില്‍ നേരത്തെ അറസ്റ്റിലായ എ.എസ്.ഐയുടെ കൂട്ടാളി, അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി

You cannot copy content of this page