കാസര്‍കോട്: നിധി തേടിയുള്ള ലീഗ് നേതാവിന്റെ യാത്രയില്‍ കുമ്പളയിലെ ലീഗു നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നു സിപിഎം കുമ്പള ലോക്കല്‍ സെക്രട്ടറി യൂസഫ് കെ.ബി ആവശ്യപ്പെട്ടു.
കുമ്പള ആരിക്കാടി കോട്ടയില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിനെയും നാലു പേരെയും നിധി കുഴിച്ചെടുക്കുന്നതിനിടയിലാണ് നാട്ടുകാര്‍ പിടിച്ചു പൊലീസിലേല്‍പ്പിച്ചതെന്ന് പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
അടുത്തിടെയായി കുമ്പളയിലെ മുസ്ലിം ലീഗില്‍ അഴിമതിക്കഥകള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ലീഗ് നേതാക്കന്മാരുടെ മാസപ്പടി ഇടപാടു പേരുസഹിതം പുറത്തുവന്നിട്ടുണ്ട്. അത്തരം ലീഗ് നേതാക്കന്മാരുടെ പിന്തുണ മുജീബ് കമ്പാറിനു ലഭിച്ചിട്ടുണ്ടോയെന്നു കണ്ടെത്തേണ്ടതുണ്ടെന്നു പ്രസ്താവനയില്‍ പറഞ്ഞു. വിവാദ നേതാവ് സംഭവത്തിനു ശേഷം മുങ്ങിയിരിക്കുകയാണ്. നിധി വേട്ടക്ക് പിന്നിലും കോട്ടയിലുണ്ടായ തീപിടിത്തത്തിനു പിന്നിലും മറ്റെന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോയെന്നും കണ്ടെത്തണമെന്നു യൂസഫ് പറഞ്ഞു.
