ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ച ശേഷം കായലില്‍ തള്ളിയ മുന്‍ സൈനികന്‍ അറസ്റ്റില്‍. ഗുരുമൂര്‍ത്തി(45)യാണ് അറസ്റ്റിലായത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. ഗുരുമൂര്‍ത്തിയുടെ ഭാര്യ വെങ്കടമാധവി (35)യാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
ഭാര്യയെ കാണാനില്ലെന്നു പറഞ്ഞ് ജനുവരി 18ന് ഗുരുമൂര്‍ത്തി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് ഗുരുമൂര്‍ത്തിയുടെ നീക്കത്തില്‍ സംശയം തോന്നിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെയും തെളിവ് നശിപ്പിക്കലിന്റെയും ചുരുളഴിഞ്ഞത്. ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം വെട്ടിനുറുക്കി കുക്കറില്‍ വേവിച്ച ശേഷം ശരീരഭാഗങ്ങള്‍ കായലില്‍ എറിയുകയായിരുന്നുവെന്നാണ് ഗുരുമൂര്‍ത്തി പൊലീസിനു മൊഴി നല്‍കിയത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ പ്രതിയെ തടാകത്തിലെത്തിച്ച് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം ദുരൂഹമായി തുടരുന്നു.
