കാസർകോട്: മഞ്ചേശ്വരം, ബായാറിലെ മുഹമ്മദ് ആസിഫിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി ടി. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഡി വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുഹമ്മദ് ആസിഫിന്റെ മൃതദേഹം കാണപ്പെട്ട സ്ഥലം സന്ദർശിച്ചു. വീട്ടുകാരിൽ നിന്നു പ്രാഥമിക മൊഴിയുമെടുത്തു. രണ്ടു ദിവസം മുമ്പാണ് മുഹമ്മദ് ആസിഫിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഇടുപ്പെല്ല് തകർന്നതാണ് മരണ കാരണമായ തെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ഇതെങ്ങിനെയാണ് സംഭവിച്ചതെന്നു വ്യക്തമല്ല. വീണാലോ, മറ്റാരെങ്കിലും തള്ളിയിട്ടാലോ ഇങ്ങിനെ സംഭവിക്കാമെന്നാണ് പോസ്റ്റുമോർട്ടം ചെയ്ത സർജൻ മൊഴിനൽകിയത്. വാഹനം കയറി ഇറങ്ങിയാലും ഇത്തരത്തിലുള്ള മരണം സംഭവിക്കാമെന്നും പൊലീസ് സർജൻ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി ഫോറൻസിക് വിദദ്ധർ സംഭവ സ്ഥലം സന്ദർശിക്കും. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.