കണ്ണൂര്‍: ഒന്നര വയസ്സുള്ള മകനെ കടലില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തയ്യില്‍ സ്വദേശിനിയായ ശരണ്യ(23)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലാണ് ശരണ്യയെ അവശനിലയില്‍ കണ്ടെത്തിയത്. വിഷം അകത്തു ചെന്നിട്ടുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് ശരണ്യയെ തിരിച്ചറിഞ്ഞത്.
2020 നവംബര്‍ 17ന് ആണ് ശരണ്യ തന്റെ ഒന്നരവയസ്സുള്ള മകനെ തയ്യില്‍ കടപ്പുറത്തെത്തി കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം നടന്നത്. ശരണ്യയ്ക്ക് മറ്റൊരു യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നു. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനൊപ്പം കഴിയാനായിരുന്നു ശരണ്യയുടെ തീരുമാനം. എന്നാല്‍ കുഞ്ഞ് ഇതിനു തടസ്സമാണെന്നു കണ്ടാണ് കൊല നടത്തിയതെന്നാണ് പൊലീസ് കേസ്. കേസില്‍ ശരണ്യയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. കേസിന്റെ ആവശ്യത്തിനു അല്ലാതെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ് ശരണ്യയ്ക്കു കോടതി ജാമ്യം അനുവദിച്ചത്. അതിനു ശേഷം ശരണ്യ ആരുടെ കൂടെ എവിടെയാണ് കഴിഞ്ഞിരുന്നതെന്ന കാര്യം വ്യക്തമല്ല. കേസില്‍ വിചാരണ തുടങ്ങാന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നടപടിയാരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായത്.
