നാരായണന്‍ പേരിയ
രാഷ്ട്രത്തിന്റെ അംഗീകൃത ഭരണഘടനയുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു; കോടതി മുമ്പാകെ എത്തുന്ന വാദിയുടെയും പ്രതിയുടെയും മതമോ, ജാതിയോ, ജന്മദേശമോ, പദവിയോ, അവസ്ഥയോ ഏതെന്ന് നോക്കാതെ സത്യവും നീതിയും ന്യായവും മാത്രം പരിഗണിച്ച് കൃത്യനിര്‍വ്വഹണം നടത്തും.
ഏതാണ്ട് ഈ അര്‍ത്ഥത്തില്‍ പ്രതിജ്ഞ ചെയ്തു കൊണ്ടാണല്ലോ ന്യാധിപന്മാര്‍ ചുമതല ഏല്‍ക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്മാരും അങ്ങനെത്തന്നെ. എന്നിട്ടും വാക്കുമാറിയാലോ? അതായത് സത്യപ്രതിജ്ഞയില്‍ നിന്നു വ്യതിചലിച്ചാലോ?
ഉത്തരവാദപ്പെട്ട ആരെങ്കിലും അങ്ങനെ ചെയ്യുമോ? വെറുതേ മുന്‍വിധിയോടെ കുറ്റാരോപണം നടത്തരുതെന്ന് വിരലുയര്‍ത്തിപ്പറയും എന്നറിയാം. എങ്കിലും ഇത് പറയാതിരിക്കുന്നതെങ്ങനെ? ശ്രദ്ധിക്കുക.
മെല്‍വിന്‍ പാദുവ ഇരുപത്തിനാലു കൊല്ലം ജയിലില്‍കിടന്നു. കോടതി ശിക്ഷിച്ചിട്ട് തന്നെ. അയാളില്‍ ആരോപിച്ചിട്ടുള്ള കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിച്ചിട്ടുള്ള പരമാവധി ശിക്ഷയേക്കാള്‍ അധികമാണിത്. എന്നിട്ടും ജയില്‍ മോചിതനാക്കിയില്ല. രണ്ടാഴ്ചത്തെ പരോള്‍ പോലും ഈ കാലയളവില്‍ (ഇരുപത്തിനാല് കൊല്ലം) അയാള്‍ക്ക് അനുവദിച്ചില്ല.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് കൊണ്ട് പാദുവയുടെ ഭാര്യ ബിയാട്രീസ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കത്തയച്ചു. അനുഭാവപൂര്‍വ്വം ഇടപെടണം എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട്. പ്രൊബേഷന്‍ ഓഫീസറോടും അപേക്ഷിച്ചു. മമ്പറം ദിവാകരന്‍, കല്ലിങ്കല്‍ പത്മനാഭന്‍, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എന്നിവരടങ്ങിയ ജയില്‍ ഉപദേശകസമിതി ബിയാട്രീസിന്റെ അപേക്ഷ പരിഗണിച്ച് പാദുവയെ ജയില്‍ മോചിതനാക്കുന്നതിന് അനുകൂലമായി പ്രതികരിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം തൃണവല്‍ഗണിച്ചു കൊണ്ട് ജയില്‍ ഡിജിപി അഭ്യര്‍ത്ഥന നിരാകരിക്കുകയായിരുന്നു.
ഡിജിപിയുടെ ഈ നിലപാടിന് കാരണം എന്തെന്നല്ലേ? ഭര്‍ത്താവിന്റെ മോചനത്തിനായി ബിയാട്രീസ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അതിനും മുമ്പെയാണ് മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ഇക്കാര്യം ധരിപ്പിച്ചു കൊണ്ട് കത്തയച്ചത്. ഈ കത്ത് പിന്‍വലിക്കണം എന്ന് ഡിജിപി ആവശ്യപ്പെട്ടു. തനിക്ക് (അല്ല, തന്റെ മതത്തിന്)ചേര്‍ന്നതല്ലാത്ത ഒരു പരാമര്‍ശനമുണ്ടായിരുന്നുപോലും ആ കത്തില്‍.
ബിയാട്രീസ് കന്യാസ്ത്രീ ആയിരുന്നു. മെല്‍വിന്‍ പാദുവയുമായി പ്രണയത്തിലായി. കന്യാവ്രതം ഉപേക്ഷിച്ചു. സഭാവസ്ത്രം പരിത്യജിച്ചു. ഈ ധിക്കാരത്തില്‍ വിശ്വാസികള്‍ പ്രകോപിതരായി. വിവരമറിഞ്ഞ ജയില്‍ ഡിജിപിയും സഭാമേധാവികള്‍ കല്‍പ്പിക്കുന്നതെന്തും അതേ പടി അനുസരിക്കാന്‍ ബാധ്യസ്ഥരാണ് വിശ്വാസികള്‍ എന്നും അല്ലെങ്കില്‍ ദൈവകോപം ഉണ്ടാകുമെന്നും ഐ.പി.എസ്സുകാരനായ ജയില്‍ ഡിജിപിയും വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് അദ്ദേഹം ഇന്ത്യന്‍ പൊലീസ് സര്‍വ്വീസില്‍ പ്രവേശിക്കുമ്പോള്‍ എടുത്ത പ്രതിജ്ഞയേക്കാളും വലുത്. സര്‍ക്കാരിനെ അനുസരിച്ചില്ലെങ്കില്‍ സസ്‌പെന്‍ഷന്‍; പരമാവധി ശിക്ഷ: ഡിസ്മിസ് ചെയ്യല്‍. എന്നാല്‍ സഭയുടെ കല്‍പ്പന ധിക്കരിച്ചാല്‍ നിത്യനരകപ്രാപ്തി. കെടാത്ത തീയില്‍ നീറും.
ജയിലധികൃതര്‍ തന്റെ ഭര്‍ത്താവിനെ ഇനിയും ഉപദ്രവിക്കുകയാണെങ്കില്‍ താനും കുടുംബവും കൂട്ടത്തോടെ ആത്മഹത്യ ചെയ്യും എന്ന് ബിയാട്രീസ് കത്തില്‍ എഴുതിയിരുന്നു പോലും. ആത്മഹത്യ വിശ്വാസ വിരുദ്ധമാണത്രെ, സഭയുടെ ദൃഷ്ടിയില്‍. ബിയാട്രീസിന്റെ എല്ലാ കാര്യങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോസഫ് ചാവറ അറിഞ്ഞു. സുപ്രിം കോടതിയില്‍ നിന്നു റിട്ടയര്‍ ചെയ്ത ജ. വി.ആര്‍ കൃഷ്ണയ്യര്‍ വിവരമറിഞ്ഞ്, നിയമാനുസരണം അനുവദനീയ കാര്യമാകയാല്‍ ആ തടവുകാരനെ ഉടനെ മോചിപ്പിക്കേണ്ടതാണെന്ന് ആഭ്യന്തര മന്ത്രിക്ക് ഫാക്‌സ് മെസേജ് അയച്ചു.
ഈ വാര്‍ത്ത (മാതൃഭൂമി 15-09-2013)ഓര്‍മ്മയിലെത്തിയപ്പോള്‍ തോന്നി. ഉന്നത ഉദ്യോഗസ്ഥന്മാരും അധികാരം കൈയ്യാളുന്നവരും എല്ലാം തങ്ങളുടെ മതവിശ്വാസം മാത്രം മുറുകെ പിടിച്ച് തീരുമാനമെടുത്താല്‍….
നിയമമല്ല, അതുക്കും മേലെ വിശ്വാസം.