കാസര്‍കോട്: ജോലി ആവശ്യത്തിനായി ടെലഗ്രാം ലിങ്കില്‍ ക്ലിക്ക് ചെയ്ത പാണൂര്‍ സ്വദേശിയായ യുവാവിന് നഷ്ടമായത് 7.85 ലക്ഷം. ഇതേ തുടര്‍ന്ന് യുവാവ് ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞമാസം 13 നാണ് മുളിയാര്‍ പാണൂര്‍ സ്വദേശി സന്ദേശി(24)ന്റെ മൊബൈലിലേക്ക് ജോലി സംബന്ധിച്ച അറിയിപ്പ് വാട്‌സാപിലെത്തിയത്. 1000 രൂപ നിക്ഷേപിച്ചാല്‍ ഒരു ദിവസത്തിനകം 1300 ലഭിക്കുമെന്നാണ് മുംബൈ ആസ്ഥാനമാക്കിയുള്ള എബേ ഇന്ത്യന്‍ എക്‌ണോമിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വാഗ്ദാനം. ഇതില്‍ വിശ്വസിച്ച യുവാവിന് കമ്പനി ടെലഗ്രാം ലിങ്ക് അയച്ചു നല്‍കി. തുടര്‍ന്ന് ഗൂഗിള്‍ പേ വഴി 1000 രൂപ അയച്ചു കൊടുത്തപ്പോള്‍ അപ്പോള്‍ തന്നെ 1300 ലഭിച്ചു. രണ്ടാംതവണയും മൂന്നാം തവണയും പണം ഇട്ടപ്പോള്‍ 7000 രൂപവരെ തിരിച്ചു കിട്ടിയിരുന്നു. പിന്നീട് രണ്ടുലക്ഷം വരെ നിക്ഷേപിച്ചപ്പോള്‍ അക്കൗണ്ട് റദ്ദായിയെന്ന സന്ദേശം ലഭിക്കുകയായിരുന്നു. അത് വീണ്ടെടുക്കാന്‍ മൂന്നു ലക്ഷം ആവശ്യപ്പെട്ടു. പറഞ്ഞ തുക അയച്ചു നല്‍കി. അക്കൗണ്ടില്‍ 634,200 രൂപ ടാസ്‌ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നതായി സന്ദേശ് പറയുന്നു. അയച്ചു നല്‍കുന്ന ലിങ്കില്‍ കയറി സ്വന്തമായി പണം പിന്‍വലിക്കണമെന്ന് നിര്‍ദേശിച്ച് വീണ്ടും സന്ദേശമെത്തി. അപ്രകാരം ചെയ്തപ്പോള്‍ അക്കൗണ്ട് ഫ്രോസണ്‍ ആയെന്നും അണ്‍ഫ്രീസ് ചെയ്യാന്‍ മൂന്നു ലക്ഷം കൂടി അടക്കണമെന്നു കാണിച്ചും സന്ദേശം വന്നതായി യുവാവിന്റെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസം 24ന് പണം പിന്‍വലിക്കാന്‍ നോക്കിയപ്പോള്‍ ക്രഡിറ്റ് സ്‌കോര്‍ 90 പോയിന്റായി കുറഞ്ഞെന്നും പത്തു പോയിന്റ് കൂടി വര്‍ധിച്ചാല്‍ മാത്രമേ പണം പിന്‍വലിക്കാനാകൂവെന്നും അതിന് രണ്ടുലക്ഷം വീണ്ടും അടക്കണമെന്ന വിവരം ലഭിച്ചു. ഇതോടെ കമ്പിനി സ്റ്റാഫിന്റെ രണ്ടു അക്കൗണ്ടുകളിലേക്ക് പണം അയച്ചു കൊടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്. തട്ടിപ്പ് മനസിലായതോടെയാണ് പൊലീസിനെ സമീപിച്ചത്. ടെലഗ്രാം വഴി വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് ലിങ്ക് അയച്ചു കൊടുത്ത് ഡിസംബര്‍ 13 മുതല്‍ 24 വരെയുള്ള കാലയളവില്‍ വിവിധ അക്കൗണ്ടുകളിലായി ആകെ 7,85682 രൂപയാണ് കമ്പനി യുവാവില്‍ നിന്ന് തട്ടിയെടുത്തത്.
ആദൂര്‍ പൊലീസ് കമ്പനിക്കെതിരെയും കമ്പനിയുടെ റിസപ്ഷനിസ്റ്റായ നിതയുടെ പേരിലും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
