കോവിഡ് കാലത്ത് ആരംഭിച്ച പ്രണയം; യുവതി പെട്ടെന്ന് അതിൽ നിന്ന് പിന്മാറി; 1600 തവണ ഫോണ്‍ വിളിച്ചിട്ടും ഫോൺ എടുത്തില്ല, കാമുകിയെയും ആറ് വയസ്സ്കാരിയായ മകളെയും കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

ലക്നൗ: നിരവധി തവണ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് 25 കാരനായ കാമുകൻ കാമുകിയെയും ആറ് വയസ്സ്കാരിയായ മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മല്ലിഹാബാദിലാണ് നടുക്കുന്ന സംഭവം നടന്നത്. 1600 തവണ ഫോണ്‍ വിളിച്ചിട്ടും കാമുകി എടുത്തില്ലെന്നും, തന്നെ അവഗണിച്ചതാണ് കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ജനുവരി പതിനഞ്ചിനാണ് കൊല നടന്നത്. 24 വയസ്സുള്ള ​ഗീത, ഗീതയുടെ മകൾ ദീപിക എന്നിവരെ പ്രതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ​കേസിൽ ഗീതയുടെ ബന്ധു കൂടിയായ വികാസ് ജയ്സ്വാളിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരുടെ ശരീരത്തിൽ നിരവധി മുറിവുകളും പൊലീസ് കണ്ടെത്തി. ദീപികയെ ഫോണ്‍ ചെയ്തിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനാൽ സംശയം തോന്നിയ ബന്ധുക്കള്‍ വീട്ടിലെത്തുകയായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നു. ഏണിയുപയോഗിച്ച് വീട്ടിനകത്ത് കടന്നപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.മൃതദേഹത്തിന് അരികില്‍ നിന്ന് ലഭിച്ച രണ്ട് മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. 11 മാസത്തിനിടെ വികാസ്, ഗീതയെ 1600 തവണ വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മുമ്പ് വികാസ് മിക്ക ദിവസവും വീട്ടിൽ വന്നിരുന്നുവെന്ന് ഗീതയു‌ടെ മകനും പൊലീസിന് മൊഴി നല്‍കി. കൊവിഡ് കാലത്താണ് ഇരുവരും തമ്മിൽ ബന്ധം ആരംഭിച്ചതെന്നും, അത് പിന്നീട് ശാരീരികബന്ധത്തിലേക്ക് എത്തുകയായിരുന്നു എന്നും പ്രതി പൊലീസിന് മൊഴി നൽകി. ഗീതയുടെ ഇഷ്ടപ്രകാരമാണ് കുവൈറ്റിലെ ജോലി കളഞ്ഞ് താന്‍ നാട്ടിലെത്തിയത് എന്നും വികാസ് പറയുന്നു. പിന്നീട് ഒരുവർഷം കഴിഞ്ഞതോടെ ഗീത അവ​ഗണിക്കാൻ തുടങ്ങിയെന്നും, ഇക്കാര്യം സംസാരിക്കാനാണ് ജനുവരി 15ന് ഗീതയെ കാണാനെത്തിയത് എന്നും പ്രതി നി‍ർണായക മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇരുവരും തമ്മിലുള്ള സംസാരംകൈയ്യാങ്കളിയിലെത്തുകയായിരുന്നു. ഇതോടെ ഉറങ്ങികിടന്ന മകൾ ഉണർന്നു. തുടര്‍ന്നാണ് ഇരുവരെയും കഴുത്തറുത്ത് വികാസ് കൊലപ്പെടുത്തിയത്.കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്ത് പൊലീസെത്തിയപ്പോഴും വികാസ് ബന്ധുക്കളുടെ കൂട്ടത്തില്‍ ഒന്നുമറിയാതെ അവിടെ തന്നെ ഉണ്ടായിരുന്നു. ബന്ധുക്കളെ ആശ്വസിപ്പിക്കാനും, മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനും വികാസ് ശ്രദ്ധിച്ചു. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചു. ഫോൺ കോളുകള്‍ പരിശോധിച്ചപ്പോഴാണ് വികാസിലേക്ക് അന്വേഷണം എത്തിയത്. ഗീതയുടെ ഭ‍ർത്താവിന് മുംബൈയിലാണ് ജോലി. കൊലപാതക നടന്ന സമയം വീട്ടിൽ ​ഗീതയും മകൾ ദീപികയും മാത്രമാണ് ഉണ്ടായിരുന്നത്. മൂത്തമകന്‍ ദീപാൻഷു വീട്ടിലില്ലാതിരുന്ന തക്കം കൂടി നോക്കിയാണ് പ്രതി വീട്ടിലെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page