കാസര്‍കോട്: മഞ്ചേശ്വരം, ബായാര്‍പ്പദവിലെ ടിപ്പര്‍ ഡ്രൈവര്‍ മുഹമ്മദ് ആസിഫ് (29) മരിച്ചത് ഇടുപ്പെല്ല് തകര്‍ന്ന്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിശദവിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ കായര്‍ക്കട്ടയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ലോറിക്ക് സമീപത്താണ് മുഹമ്മദ് ആസിഫിനെ അവശനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മുഹമ്മദ് ആസിഫിന്റെ മരണത്തില്‍ തുടക്കത്തില്‍ തന്നെ ദുരൂഹത ഉയര്‍ന്നിരുന്നു. ടിപ്പര്‍ ലോറിക്കകത്തും പുറത്തും രക്തക്കറ കാണപ്പെട്ടതും ചെരുപ്പുകള്‍ അലക്ഷ്യമായി കിടന്നതുമാണ് സംശയത്തിനു ഇടയാക്കിയത്. കാലില്‍ തൊലി ഉരഞ്ഞ നിലയിലും കാണപ്പെട്ടു.
ദുരൂഹത ഒഴിവാക്കുന്നതിനാണ് പോസ്റ്റുമോര്‍ട്ടം പരിയാരത്തേക്ക് മാറ്റിയത്. ഇടുപ്പെല്ല് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഇത് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വീഴ്ചയിലോ മറ്റാരെങ്കിലും തള്ളിയിട്ടാലോ മാത്രമേ ഇത്തരത്തിലുള്ള പരിക്കുണ്ടാകാന്‍ സാധ്യത ഉള്ളുവെന്ന് കുറ്റാന്വേഷണ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നു. പരിയാരത്ത് നടന്ന പോസ്റ്റു മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം ബുധനാഴ്ച രാത്രി 9 മണിയോടെ ചിപ്പാര്‍പ്പദവ് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.