കുമ്പള: തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ താലൂക്ക് ആശുപത്രിക്ക് താഴെയുള്ള സ്ഥാപനങ്ങളില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കിതോടെ കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ (സിഎച്ച്‌സി) നേരത്തെ അനുവദിച്ചിരുന്ന ഡയാലിസിസ് കേന്ദ്രം അനിശ്ചിതത്വത്തിലായി. കേന്ദ്രത്തിന്റെ അനിശ്ചിതത്വം നീക്കാന്‍ ഉടന്‍ നടപടി എടുക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.
ഇനി മുതല്‍ സര്‍ക്കാര്‍ താലൂക്ക്-ജനറല്‍ ആശുപത്രികളില്‍ മാത്രമാണ് ഡയാലിസിസ് യൂണിറ്റുകള്‍ നടത്താന്‍ അനുമതിയെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ മുന്‍പ് ആരംഭിച്ച യൂണിറ്റുകളുടെ പ്രവര്‍ത്തനം തുടരാന്‍ അനുമതി ഉണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ഡയാലിസിസ് കേന്ദ്രങ്ങള്‍ ആരംഭിച്ചതോടെ പല സര്‍ക്കാര്‍ ആശുപത്രികളിലേയും ഡയാലിസിസ് സെന്ററുകള്‍ക്ക് താഴു വീണെന്നും യന്ത്രങ്ങള്‍ പലയിടത്തും തുരുമ്പെടുത്തു നശിക്കുകയാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. അതേസമയം തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള ഡയാലിസിസ് സെന്ററുകള്‍ എല്ലാം ഉദാരമദികളുടെയും, സന്നദ്ധ സംഘടനകളുടെയും, വ്യവസായ പ്രമുഖരുടെയും സഹായത്തോടെയാണ് പ്രവര്‍ത്തിച്ചു വരുന്നത്.
രണ്ടുവര്‍ഷം മുമ്പാണ് കുമ്പള സി.എച്ച്.സി.യില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങാന്‍ അനുമതി ലഭിച്ചതായി ആശുപത്രി അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ.ദിവാകര്‍ റൈ മെഡിക്കല്‍ ഓഫീസറായിരിക്കെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ റൂമും മറ്റു സംവിധാനങ്ങളും ഒരുക്കി വെച്ചിരുന്നു. എന്നാല്‍ ആശുപത്രിയുടെ നവീകരണ പദ്ധതി പോലെ തന്നെ ഡയാലിസിസ് കേന്ദ്രവും അനിശ്ചികത്വത്തിലായി. സ്വകാര്യ ആശുപത്രികളുടെ ഇടപെടലുകളാണ് ഡയാലിസിസ് കേന്ദ്രം തുടങ്ങാതിരിക്കാനുള്ള കാരണമെന്ന് നാട്ടുകാര്‍ക്കിടയില്‍ നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു.
നേരത്തെ അനുമതി ലഭിച്ച ഡയാലിസിസ് കേന്ദ്രം സി.എച്ച്.സി.യില്‍ തുടങ്ങാന്‍ അനുവദിക്കണമെന്ന് ദേശീയവേദി ആവശ്യപ്പെട്ടു.
ടി.കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം മൂസ, ഗള്‍ഫ് പ്രതിനിധി എല്‍.ടി മനാഫ്, മുഹമ്മദ്, എംജിഎ റഹ്‌മാന്‍, ബി.എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്‌റഫ്, എം.എ അബൂബക്കര്‍ സിദ്ദീഖ്, എം.എം റഹ്‌മാന്‍, അഷ്‌റഫ് പെര്‍വാഡ്, മുഹമ്മദ്, അബ്ദുള്ളക്കുഞ്ഞി നടുപ്പളം, എ.എം സിദ്ദീഖ് റഹ്‌മാന്‍, റിയാസ് കരീം, ശരീഫ്, ബി.കെ അന്‍വര്‍, എ.എസ് മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ് കുഞ്ഞി നാങ്കി, പി.എം മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
