കാസര്‍കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയായ 30 കാരിയെ മാഹിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചതായി പരാതി. എറണാകുളം സ്വദേശിനിയാണ് പീഡനത്തിനിരയായത്. യുവതി നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ അതിരുമാവ് സ്വദേശി റോബിന്‍ (26) എന്നയാള്‍ക്കെതിരെ കേസെടുത്തു. സംഭവം നടന്നത് മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയായതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു. അതിസമ്പന്നകുടുംബാംഗമാണ് യുവതി. ഇവരുടെ ഭര്‍ത്താവും കുട്ടിയും യു കെയിലാണ്. ഇതിനിടയിലാണ് യുവതിയുമായി റോബിന്‍ ഫേസ് ബുക്ക് വഴി പരിചയത്തിലായത്. ബന്ധം ശക്തമായതോടെ യുവതി ചിറ്റാരിക്കാലിനു സമീപത്ത് സ്വന്തമായി വീട് നിര്‍മ്മിക്കുകയും ചെയ്തുവെന്നു പറയുന്നു. 2024 ആഗസ്റ്റ് 30ന് യുവതിയെ മാഹിയിലേക്ക് വിളിച്ചുവരുത്തിയ റോബിന്‍ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പിന്നീട് ഈ ബന്ധത്തില്‍ നിന്ന് റോബിന്‍ പിന്മാറിയത്രേ. തുടര്‍ന്നാണ് റോബിന്‍ തന്നെ ബലാത്സംഗം ചെയ്തതായി കാണിച്ച് യുവതി ചിറ്റാരിക്കാല്‍ പൊലീസില്‍ പരാതി നല്‍കിയത്.