കാസര്‍കോട്: പാങ്ങുള്ള കാസര്‍കോട് ബജാറില്‍ ചേലോടെ തെരുവ് വിളക്കുകള്‍ തെളിഞ്ഞു. നഗരഹൃദയത്തിന് നഗര സഭയുടെ പുതുവത്സര സമ്മാനമാണ് തെരുവ് വിളക്കുകളെന്നു ചെയര്‍മാന്‍ അബ്ബാസ് ബീഗം സന്തോഷിച്ചു. നഗരസഭയുടെ ”പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍” നഗര സൗന്ദര്യ പദ്ധതിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാന്റ് മുതല്‍ പഴയ ബസ് സ്റ്റാന്റ് വരെ എം.ജി. റോഡ് ഡിവൈഡറില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകളാണ് നഗരത്തെ പ്രകാശപൂരിതമാക്കുന്നത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഡിവൈഡറില്‍ അലങ്കാര ചെടികള്‍ സ്ഥാപിക്കും. അതോടെ കാസര്‍കോട് നഗരത്തിന്റെ മുഖച്ഛായ മാറുമെന്നു ചെയര്‍മാന്‍ പറഞ്ഞു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഡി.വി, നഗരസഭാ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, സി.സി.എം മധുസൂദനന്‍, ഹമീദ് ബെദിര, അബ്ദുല്‍ കരീം കോളിയാട്, വ്യാപാരി സംഘടനാ പ്രതിനിധികള്‍ പ്രസംഗിച്ചു.
