കാസര്‍കോട്: മുളിയാര്‍ പഞ്ചായത്ത് ആസ്ഥാനമായ ബോവിക്കാനം ടൗണില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുലിയിറങ്ങി. ബോവിക്കാനം ടൗണിനോട് ചേര്‍ന്നുള്ള വനംവകുപ്പ് ഓഫീസിന്റെ സമീപത്തു നിന്നു ഇറങ്ങിവന്ന പുലി റോഡിലൂടെ നടന്ന് തത്‌വ മസ്ജിദിനു സമീപത്തു കൂടി നടന്നു പോകുന്നത് അബ്ദുല്‍ ഖാദര്‍ എന്നയാള്‍ കാണുകയും ചെയ്തു. സ്‌കൂട്ടര്‍ യാത്രക്കാരനായ അസീസും പുലിയെ കണ്ടതായി പറയുന്നു. അബ്ദുല്‍ ഖാദറിന്റെ വീട്ടുവളപ്പിലൂടെ നീങ്ങിയ പുലി പിന്നീട് ഫോറസ്റ്റ് ഓഫീസിനു സമീപത്ത് എത്തുകയും കാട്ടിലേക്ക് ഓടിമറയുകയുമായിരുന്നു.
പിന്നീട് ചിപ്ലിക്കയ ഭാഗത്തും പുലിയെ കണ്ടു. ഒരു കൂട്ടം ചെറുപ്പക്കാര്‍ വാഹനങ്ങളില്‍ സ്ഥലത്തെത്തുകയും പുലി നടന്നു പോകുന്നതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. ഞായറാഴ്ച രാത്രി ബോവിക്കാനം ടൗണിലെത്തിയത് വലിയ പുലിയായിരുന്നു. തിങ്കളാഴ്ച കണ്ടത് താരതമ്യേന വലുപ്പം കുറഞ്ഞ പുലിയെ ആണെന്നു നാട്ടുകാര്‍ പറഞ്ഞു. കുട്യാനം, അരിയില്‍ വീട്ടുവളപ്പിലെത്തിയ പുലി കൃഷ്ണന്‍ എന്നയാളുടെ വളര്‍ത്തു നായകളില്‍ ഒന്നിനെ കടിച്ചു കൊണ്ടു പോയി. മറ്റൊരു നായയെ ചെവിക്ക് മുറിവേറ്റ നിലയിലും കാണപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.
അതേ സമയം പുലി ഭീഷണി അകറ്റണമെന്ന് ആവശ്യപ്പെട്ട ബോവിക്കാനത്ത് സമരം ആരംഭിക്കാനുള്ള ആലോചന ആരംഭിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് കെ.ബി മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലാണ് സമരം സംബന്ധിച്ച ആലോചന ആരംഭിച്ചത്. ജില്ലാ കലക്ടര്‍ പുലി ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ആരംഭിക്കുന്നത്.