കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലി ഭീഷണി തുടരുന്നു. ഞായറാഴ്ച രാത്രി മുളിയാര്‍ പഞ്ചായത്ത് ആസ്ഥാനമായ ബോവിക്കാനം ടൗണില്‍ പുലിയിറങ്ങി. രാത്രി പത്തര മണിയോടെ ബോവിക്കാനം ടൗണിലെ പരേതനായ ബി കെ മുഹമ്മദ് കുഞ്ഞിയുടെ വീടിനു സമീപത്താണ് പുലിയെ കണ്ടത്. വിവരമറിഞ്ഞ് എത്തിയ ആര് ആര് ടി ടീമും നാട്ടുകാരും സ്ഥലത്ത് തെരച്ചില്‍ നടത്തി. പുലിയുടെ സാന്നിധ്യം ഉണ്ടായ സാഹചര്യത്തില്‍ വനം വകുപ്പ് ജാഗ്രതയ്ക്ക് നിര്‍ദ്ദേശം നല്കി. അതേസമയം പുലിയെ കൂടുവച്ചു പിടികൂടാനുള്ള വനം വകുപ്പ് അധികൃതരുടെ ശ്രമം ലക്ഷ്യം കണ്ടില്ല. ഇതിനിടയിലാണ് നാടിനെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഞായറാഴ്ച രാത്രി പുലി ബോവിക്കാനത്ത് എത്തിയത്.
