കാസര്‍കോട്: ഹൃദയത്തിന് ബ്ലോക്കുമായി മുള്ളേരിയ പണിയ സ്വദേശി രാധാകൃഷ്ണ കെദില്ലായയെ വളരെ അത്യാസന്ന നിലയിലാണ് ചെര്‍ക്കള സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയമാക്കിയിരുന്നു. പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കാര്‍ഡിയോളജി വിദഗ്ദ്ധന്‍ ഡോ.അബ്ദുള്‍ നവാഫിനോട് ക്രിസ്മസ് ദിനം തന്റെ 70-ാം ജന്മ ദിനമാണെന്നും, എല്ലാവര്‍ഷവും കുടുംബത്തോടൊപ്പം ആഘോഷിക്കാറുണ്ടെന്നും ഇപ്രാവശ്യം അതിന് കഴിയില്ലല്ലൊ എന്ന ദുഃഖം രാധാകൃഷ്ണ പങ്കുവെച്ചു. അപ്പോള്‍ ഒന്നും ആലോചിച്ചില്ല, ആശുപത്രി മാനേജ്‌മെന്റും ജീവനക്കാരും അണുവിമുക്തമാക്കിയ ഐസിയുവില്‍ രോഗിക്ക് ജന്മദിനം ആഘോഷിക്കാനുള്ള സൗകര്യം ഒരുക്കി. ഈ അവസ്ഥയിലും പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞ രാധാകൃഷ്ണ സന്തോഷകണ്ണുനീര്‍ തുടക്കുന്നത് ആശുപത്രി അധികൃതര്‍ സാക്ഷ്യം വഹിച്ചു. രോഗിക്ക് കഴിക്കാന്‍ പറ്റുന്ന ഹെല്‍ത്തികേക്ക് അദ്ദേഹത്തിന്റെ മകന്റെ സാന്നിധ്യത്തില്‍ മുറിച്ച് സന്തോഷം പങ്കുവെച്ചു. മറ്റുള്ള രോഗികളും തങ്ങളുടെ വേദനകള്‍ മറന്ന് സന്തോഷത്തില്‍ പങ്കുചേര്‍ന്നത് നവ്യാനുഭവമായി. ഹൃദയത്തിന്റെ ബ്ലോക്ക് നീക്കിയതും, കേക്ക് മുറിച്ചതും ഇരട്ടി മധുരമായി കാണുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. കെദില്ലായ സുഖം പ്രാപിച്ചു വരികയാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നും അധികൃതര്‍ പറഞ്ഞു.
