14 വര്‍ഷം മുമ്പ് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോളേജ് അധ്യാപിക മരണത്തിന് കീഴടങ്ങി. ബല്‍ത്തങ്ങാടി കാലിയ ഉബറദ്ക സ്വദേശികളായ പരേതനായ കുര്‍മ്പിളയുടെയും ലക്ഷ്മിയുടെയും മകള്‍ ഭാരതി (41) ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. 2010 ജൂലൈ 30ന് സന്തേക്കാട്ടെ അയ്യപ്പ മന്ദിരത്തിന് സമീപം വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് 14 വര്‍ഷമായി അവര്‍ കിടപ്പിലായിരുന്നു. മേലന്തബെട്ട് പിയു കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവരുന്നതിനിടയിലാണ് അപകടം. ഭാരതിയും സഹപ്രവര്‍ത്തക ജയമാലയും കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അയ്യപ്പ മന്ദിറിന് സമീപം ഇവരുടെ ഓട്ടോറിക്ഷയില്‍ പിക്കപ്പ് ട്രക്ക് ഇടിക്കുകയായിരുന്നു. ജയമാല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്നിരുന്നെങ്കിലും ആ അവസ്ഥയിലും അധ്യാപനം നടത്തിയിരുന്നു. ഫോണിലൂടെ അക്കൗണ്ടന്‍സിയും ബിസിനസ് സ്റ്റഡീസും പഠിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യനില വഷളായിരുന്നു.
