ബംഗ്‌ളൂരു: യുവമോര്‍ച്ച നേതാവ് പുത്തൂരിലെ പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ബണ്ട്വാള്‍, കൊഡാജെയിലെ മുഹമ്മദ് ഷെരീഫ് (55) അറസ്റ്റില്‍. കൊലപാതകത്തിനു ശേഷം വിദേശത്തേക്ക് കടന്ന പ്രതി ന്യൂദെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി തിരികെ എത്തിയപ്പോഴാണ് എന്‍.ഐ.എ അറസ്റ്റു ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായിരുന്ന മുഹമ്മദ് ഷെരീഫ് കേസിലെ ആറാം പ്രതിയാണ്. കൊലപാതകത്തിനു ശേഷം ഗള്‍ഫിലേക്ക് രക്ഷപ്പെട്ട ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ അഞ്ചുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 2022 ജുലായ് 26ന് രാത്രിയിലാണ് പ്രവീണ്‍ നെട്ടാരുവിനെ ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച നെട്ടാറു കൊലക്കേസ് 2022 ആഗസ്ത് മാസത്തിലാണ് എന്‍ഐഎയ്ക്ക് വിട്ടത്. ആകെ 23 പ്രതികളാണ് കേസിലുള്ളത്. മുഹമ്മദ് ഷെരീഫിന്റെ അറസ്റ്റോടെ പിടിയിലായ പ്രതികളുടെ എണ്ണം 20 ആയി.
