നീലേശ്വരം: നീലേശ്വരം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലില്‍ പി ഡബ്ല്യു ഡി അധികൃതര്‍ അടയിരിക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങളായെന്ന് ആരോപണം. ഇതു മൂലം സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം നീണ്ടു പോവുകയാണെന്നു നാട്ടുകാര്‍ ആരോപിച്ചു. നീലേശ്വരത്ത് മിനി സിവില്‍ സ്റ്റേഷനു എം.എല്‍.എ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. നിലവില്‍ നീലേശ്വരം വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് നിര്‍ദ്ദിഷ്ട മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ജൂലൈ 27ന് കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് മണ്ണ് പരിശോധന നടത്തിയിരുന്നു. പിഡബ്ല്യുഡി കെട്ടിട വിഭാഗം ഉണ്ടാക്കിയ പ്ലാന്‍ റവന്യൂ വകുപ്പ് അംഗീകരിച്ച് തുടര്‍ നടപടി ആരംഭിച്ചപ്പോള്‍ നിലവിലെ പ്ലാനില്‍ പാര്‍ക്കിംഗ് ഏരിയ കുറവാണെന്ന് കണ്ടെത്തുകയും പ്ലാന്‍ ക്യാന്‍സല്‍ ചെയ്തു പാര്‍ക്കിംഗ് ഏരിയ കൂട്ടി പുതിയ പ്ലാന്‍ തയ്യാറാക്കാന്‍ പിഡബ്ല്യുഡി കെട്ടിട വിഭാഗത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ഫയല്‍ പിഡബ്ല്യുഡി അധികൃതര്‍ കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങുകയാണെന്നു ഇതുമായി ബന്ധപ്പെട്ടവര്‍ ആരോപിച്ചു. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ നീലേശ്വരം സിവില്‍ സ്റ്റേഷന്‍ അടുത്ത കാലത്തൊന്നും പൂര്‍ത്തിയാവില്ലെന്നു നാട്ടുകാര്‍ പറയുന്നു.