പാറ്റ്ന: സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം നല്‍കാനെത്തിച്ച മുട്ട മോഷ്ടിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കുടുങ്ങി. മുട്ട മോഷ്ടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രിന്‍സിപ്പാളിനോട് വിശദീകരണം തേടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങള്‍ കൊണ്ടു വരുന്ന വാഹനത്തിന്റെ ഡ്രൈവറെ ഉപയോഗിച്ചാണ് പ്രിന്‍സിപ്പാള്‍ മുട്ടകള്‍ കൈക്കലാക്കിയിരുന്നത്. ഡിസംബര്‍ 13ന് ഏറ്റവും ഒടുവിലെ മോഷണ സംഭവം. വാഹനത്തില്‍ നിന്നു മുട്ട എടുത്ത ശേഷം കവറിലാക്കി പ്രിന്‍സിപ്പാളിനു നല്‍കുകയായിരുന്നു ഡ്രൈവര്‍. ഇതിന്റെ വീഡിയോ ആരോ പകര്‍ത്തിയതോടെയാണ് പ്രിന്‍സിപ്പാളുടെ മുട്ട മോഷണം പുറത്തായത്.
സംഭവത്തെക്കുറിച്ച് 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് വൈശാലി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബിരേന്ദ്ര നാരായണ്‍ ആവശ്യപ്പെട്ടു. സമാനരീതിയില്‍ നേരത്തെയും മുട്ട മോഷണം പോയിട്ടുണ്ടെന്നു രക്ഷിതാക്കള്‍ ആരോപിച്ചു.
