മുംബൈ: മോഷണക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ നവജാത ശിശിവിനെ വിറ്റ സംഭവത്തില്‍ മനുഷ്യക്കടത്ത് റാക്കറ്റ് കേസിലെ മുഖ്യപ്രതിയെയും മാട്ടുംഗ പൊലീസ് അറസ്റ്റ് ചെയ്തു. ബെലഗാവി ജില്ലയിലെ ഹുക്കേരി സ്വദേശിയാണ് പ്രതി അബ്ദുള്‍കരീം ദസ്തഗീര്‍ നദാഫാണ് അറസ്റ്റിലായത്. 52 കാരനായ ഇയാള്‍ പെണ്‍വാണിഭവും നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാല് ശിശുക്കളെ കൂടി വിറ്റതായി പൊലീസ് പറഞ്ഞു. രണ്ട് കുഞ്ഞുങ്ങള്‍ ഗുജറാത്തില്‍ നിന്നും ഒന്ന് ഔറംഗബാദില്‍ നിന്നും ഒന്ന് പൂനെയില്‍ നിന്നുമാണ്. 3 മുതല്‍ 4 ലക്ഷം രൂപ വരെ നല്‍കിയാണ് ഓരോ കുഞ്ഞിനെയും വാങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുഞ്ഞിനെ വാങ്ങിയ മാതാപിതാക്കളും അറസ്റ്റിലായിട്ടുണ്ട്. കുഞ്ഞിന്റെ മാതാവ് മനീഷ യാദവും(32) പിടിയിലായി. 45 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ 4 ലക്ഷം രൂപയ്ക്കാണ് യുവതി വിറ്റത്. അതില്‍ 1.5 ലക്ഷം രൂപ മാതാവിനും ബാക്കി ഇടനിലക്കാര്‍ക്കുമാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ പിന്നീട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി. യുവതിയുടെ ഭര്‍തൃമാതാവ് പ്രമീള പവാറാണ് മാട്ടുംഗ പൊലീസില്‍ പരാതി നല്‍കിയത്. ബംഗളൂരുവിലുള്ള സംഘത്തിനു കുഞ്ഞിനെ വിറ്റെന്നാണ് ഭര്‍ത്യമാതാവിന്റെ പരാതിയില്‍ പറഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് വന്‍ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടിയത്. അറസ്റ്റിലായവരില്‍ നഴ്സും കല്യാണ ബ്രോക്കര്‍മാരും ഉള്‍പ്പെടെയുണ്ടെന്നു പൊലീസ് പറഞ്ഞു.
