കാസര്‍കോട്: വാഹനങ്ങളില്‍ കടത്തുകയായിരുന്ന 4,82,514 പാക്കറ്റ് പുകയില ഉള്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട്, വെള്ളിപ്പറമ്പ,് കുറ്റുമൂച്ചിക്കാലിലെ എന്‍ പി അസ്ക്കര്‍ അലി (36), കോഴിക്കോട്, പന്നിയങ്കര, പയ്യനാക്കല്‍, സീനത്ത് ഹൗസിലെ സാദിഖ് അലി (41) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്.
അസ്ക്കര്‍ അലിയെ ചൊവ്വാഴ്ച്ച രാത്രി 9.45 മണിയോടെ മൊഗ്രാലില്‍ വച്ച് എസ് ഐ വി കെ വിജയന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ചന്ദ്രന്, ഹരിശ്രീ എന്നിവരും എസ് ഐയ്ക്കൊപ്പം ഉണ്ടായിരുന്നു. പിക്കപ്പ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നിന്നു കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നു 3,12,000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍. സാദിഖ് അലിയെ കുമ്പള ദേശീയ പാതയില്‍ വച്ച് എസ് ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. പിക്കപ്പ് തടഞ്ഞു പരിശോധിച്ചപ്പോള്‍ ചാക്കില്‍ കെട്ടിയ 1,70,514 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് പിടിയിലായത്. പൊലീസ് സംഘത്തില്‍ സി പി ഒ മാരായ വിനോദ്, മനു എന്നിവരും ഉണ്ടായിരുന്നു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ പാന്‍ മസാല വേട്ടയാണ് ചൊവ്വാഴ്ച രാത്രി നടന്നത്. രണ്ടിടങ്ങളില്‍ നിന്നു പിടിയിലായ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 50 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു