കാസര്‍കോട്: പുലിഭീതി തുടരുന്നതിനിടയില്‍ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. എരിഞ്ഞിപ്പുഴയുടെ തെക്കുഭാഗത്തു രാഘവന്‍ നായരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് പന്നിയുടെ ജഡം കാണപ്പെട്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇരു ചെവികളും കടിച്ചുമുറിച്ച നിലയിലാണ്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാണ്ടിയില്‍ നിന്നു ഫോറസ്റ്റ് അധികൃതര്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജഡം സ്ഥലത്തു തന്നെ കുഴിച്ചിട്ടു.
തിങ്കളാഴ്ച രാത്രി 8.30 മണിയോടെ കൊട്ടംകുഴിയില്‍ രാധാകൃഷ്ണന്‍ എന്ന ആളുടെ വീട്ടുമുറ്റത്തും പുലി എത്തിയിരുന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന നായയെ പിടികൂടാനാണ് പുലിയെത്തിയത്. എന്നാല്‍ പുലിയെ കണ്ട നായ വീട്ടിനകത്തേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. വീട്ടുകാര്‍ ബഹളം വച്ചതോടെ പുലി ഓടിപ്പോയി. ഇതേ നായയെ നേരത്തെയും പുലി ആക്രമിച്ചിരുന്നു. അന്നു നായയുടെ കഴുത്തിനു കടിയേറ്റിരുന്നു.
