കാസർകോട്: മുളിയാർ പഞ്ചായത്തിലെ രണ്ട് സ്ഥലങ്ങളിൽ ഞായറാഴ്ച പുലികളിറങ്ങി. കർമ്മന്തൊടിയിൽ നിന്നു ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വൈകുന്നേരം വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്നു പെൺകുട്ടി. ഇതിനിടയിലാണ് ഒരു വലിയ പുലിയെയും രണ്ടു പുലിക്കുഞ്ഞുങ്ങളെയും കണ്ടത്. നേരത്തെ ഈ പെൺകുട്ടിയുടെ മാതാവിനു മുന്നിലും പുലി ചാടിയ സംഭവം ഉണ്ടായിരുന്നു. വിവരമറിഞ്ഞ് ആർ.ആർ.ടി ടീം സ്ഥലത്തെത്തി നിരീക്ഷണം നടത്തി. പേരടുക്കത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് പുലിയെ കണ്ടത്. കേബിൾ ജീവനക്കാരനായ ഒരാൾ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിലാണ് പുലി റോഡിനു കുറുകെ ഓടിപ്പോയത്. പുലിയുടെ സാന്നിധ്യം സ്ഥിരമായതോടെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. സ്കൂളിൽ പോകാൻ പോലും കുട്ടികൾ ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നു നാട്ടുകാർ പറഞ്ഞു.
