കാസര്‍കോട്: കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ ഓഫീസ് സ്വകാര്യ കെട്ടിടത്തിലേക്കു മാറ്റുന്നതിനു സംഘം അനധികൃതമായി ചെലവാക്കിയ 10,85,000 രൂപ തിരിച്ചടക്കാന്‍ സഹകരണ ജോ. രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചു. അനധികൃതമായി പണം ചെലവഴിച്ചതിനു സംഘം ഭരണസമിതിയും സെക്രട്ടറിയുമാണ് ഉത്തരവാദികളെന്നു അധികൃതര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ 10,85,000 രൂപ തിരിച്ചടക്കാനുള്ള ഉത്തരവാദികള്‍ ഭരണസമിതിയും സെക്രട്ടറിയുമാണെന്നു ഉത്തരവില്‍ പറഞ്ഞു.
2023 ഒക്ടോബര്‍ 31നാണ് മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സംഘം ഓഫീസ് മാറ്റാന്‍ ഭരണസമിതി തീരുമാനിച്ചത്. 25-01-24നു മുറിക്കുള്ളില്‍ ഡിസൈന്‍ വര്‍ക്ക് ചെയ്യുന്നതിനു ഉപദേഷ്ടാവിനെ നിയമിക്കാന്‍ തീരുമാനിച്ചു. സ്‌ട്രോംഗ് റൂമിനു ക്വട്ടേഷന്‍ വിളിക്കാന്‍ 24 മാര്‍ച്ച് അഞ്ചിനു ഭരണസമിതി തീരുമാനിച്ചു. സ്‌ട്രോംഗ് റൂമിനു ഡോര്‍ സ്ഥാപിക്കാന്‍ 2024 ഏപ്രില്‍ 9നു മലബാര്‍ ജനറല്‍ ഏജന്‍സിക്കു 2.73 ലക്ഷം രൂപ കൊടുത്തു.
എന്നാല്‍ ഓഫീസ് മാറ്റാനും അതിനു പരിഷ്‌കാരങ്ങള്‍ വരുത്താനും തീരുമാനിക്കുന്നതിനു മുമ്പു നിയമപരമായി സംഘം ജോയിന്റ് രജിസ്ട്രാറുടെ അനുമതി വാങ്ങേണ്ടതാണ്. ആദ്യം ചെയ്യേണ്ട നിയമപരമായ ഈ ഉത്തരവാദിത്വം സംഘം നിര്‍വഹിച്ചില്ല. മാത്രമല്ല, സംഘത്തിന്റെ 11 ലക്ഷത്തോളം രൂപ ചെലവഴിച്ച ശേഷം 2024 മാര്‍ച്ച് അഞ്ചിനു സ്‌ട്രോംഗ് റൂമിനു ഡോര്‍ സ്ഥാപിക്കുന്ന ജോ. രജിസ്ട്രാരുടെ അനുമതിക്ക് അപേക്ഷ കൊടുക്കാന്‍ ഭരണസമിതി തീരുമാനിച്ചെങ്കിലും അപേക്ഷ നല്‍കിയതുമില്ല.
ഇന്‍സ്‌പെയര്‍ ഡിസൈന്‍ എന്ന സ്ഥാപനമാണ് റൂമിന്റെ ഉള്‍ഭാഗം ഡെക്കറേഷന്‍ ഏറ്റെടുത്തിരുന്നത്. അതിന് അവര്‍ക്ക് സംഘം 2024 ജൂണില്‍ ഏഴു ലക്ഷം രൂപ നല്‍കി. പുതുതായി ഓഫീസ് തുറക്കുന്ന റൂമിനു മാസം 16,000 രൂപ വാടക നല്‍കാന്‍ 2023 നവംബര്‍ 30നു സംഘം ഭരണസമിതി തീരുമാനിച്ചിരുന്നു. മാത്രമല്ല, 2023 ഡിസംബര്‍ മുതല്‍ 2024 ജൂണ്‍ വരെ ഏഴു മാസത്തെ വാടകയായി 1,12,000 രൂപയും സംഘം ഭാരവാഹികള്‍ കൊടുത്തു.
സംഘത്തിന്റെ പണമെന്നത് സംഘത്തിലെ അംഗങ്ങളുടെയും സംഘത്തില്‍ നിന്ന് പണം വായ്പയെടുക്കുന്നവരുടെയും സംഘത്തില്‍ പണം നിക്ഷേപിക്കുന്നവരുടെയും പണമാണ്. അതു കൊണ്ട് അതു പൊതുജനങ്ങളുടെ പണമായാണ് കരുതപ്പെടുന്നത്. ഈ പണം അതീവ സൂക്ഷ്മതയോടെ അതില്‍ നിന്ന് ഒരു പൈസ പോലും പാഴായി ചെലവാകാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വമാണ് ഭരണസമിതിക്കുള്ളത്. മാത്രമല്ല, ബാധ്യത വരുന്ന ചെലവുകള്‍ക്കു മുമ്പ് അതിനു സഹകരണ വകുപ്പില്‍ നിന്നു മുന്‍കൂര്‍ അനുവാദം വാങ്ങിയ ശേഷമേ ചെലവാക്കാവു എന്ന് വ്യക്തമായ നിര്‍ദ്ദേശമുണ്ട്. ഈ വ്യവസ്ഥകളൊക്കെ നിലവിലുള്ളപ്പോഴാണ് സഹകരണ വകുപ്പില്‍ അപേക്ഷിക്കുക പോലും ചെയ്യാതെ 10,85,000 രൂപ കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സംഘം ചെലവഴിച്ചത്.
സംഘം ഭരണത്തില്‍ നിയമവിരുദ്ധമായ വ്യാപക നടപടികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു സഹകരണ വകുപ്പു സംഘം പ്രസിഡന്റിനെ തല്‍സ്ഥാനത്തു നിന്നു നീക്കം ചെയ്തതോടെ ഭരണസമിതി ഇല്ലാതാവുകയും സംഘത്തിന്റെ ഭരണച്ചുമതല സഹകരണ വകുപ്പിനാവുകയും ചെയ്തു. സഹകരണ വകുപ്പു നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏറ്റെടുത്തതോടെ പുതിയ ഓഫീസ് മുറിക്കു വാടക ഇനത്തില്‍ മാസംതോറും നല്‍കിക്കൊണ്ടിരുന്ന 16,000 രൂപ നിര്‍ത്തലാക്കി.
സംഘത്തില്‍ നടന്ന കൃത്രിമങ്ങളുടെയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഏകദേശ ചിത്രം സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള വിശദീകരണം ജോയിന്റ് രജിസ്ട്രാര്‍ സംഘം ഭരണസമിതിയോടു നേരിട്ടോ രേഖാമൂലമോ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ മാസം 19നാണ് വിശദീകരണം നല്‍കേണ്ടത്. വിശദീകരണം നല്‍കിയാലും ഇല്ലെങ്കിലും അതിനു ശേഷമായിരിക്കും നടപടികള്‍ വിധിക്കുക. ഭരണസമിതിയില്‍ അംഗമായിരുന്നവരുടെ ഭരണത്തില്‍ കണ്ടെത്തിയിട്ടുള്ള കൃത്രിമങ്ങള്‍ സ്ഥിരീകരിച്ചാല്‍ ഇനി അവര്‍ക്കു സംഘം ഭരണസമിതിയിലേക്കു മത്സരിക്കാന്‍ യോഗ്യത ഉണ്ടാവുമോ എന്നതും പ്രശ്‌നമാണ്.
(തുടരും)