മന്ത്രവാദിനിയുടെ തന്ത്രം

പെട്ടെന്ന് ധനവാനാകാനുള്ള കുറുക്കുവഴി തേടുന്ന മനോഭാവം മനുഷ്യ മനസ്സില്‍ വളരെ പണ്ടുമുതലേയുള്ള വികാരമാണ്.
ചൂതുകളി എന്നറിയപ്പെടുന്ന ‘ഒന്നുവെച്ചാല്‍ പത്ത്’ എന്ന് ആഹ്വാനം ചെയ്ത് അമ്പലപ്പറമ്പുകളിലും ചന്തസ്ഥലങ്ങളിലും നടന്നിരുന്ന ശീട്ടുകളി, നാടചുരുട്ടിക്കളി, കുലുക്കിക്കുത്ത്, പുള്ളി മുറി, ആണി തറച്ച വട്ടപ്പലക കറക്കിക്കളി തുടങ്ങി പലതും.
ആധുനിക കച്ചവടതന്ത്രം പുതിയൊരു രീതി കണ്ടെത്തിയിട്ടുണ്ട്. ഒന്നെടുത്താല്‍ ഒന്നു ഫ്രീ. രണ്ടെടുത്താല്‍ ഒന്നു ഫ്രീ കസ്റ്റമേര്‍സിനെ എളുപ്പത്തില്‍ വീഴ്ത്താന്‍ പറ്റുന്ന ടെക്ക്നിക്ക്.
ഭാഗ്യക്കുറി പരിപാടികളിലും എളുപ്പത്തില്‍ ധനവാനാകാനുള്ള ആഗ്രഹമാണ് ലോട്ടറി ടിക്കറ്റു വാങ്ങിക്കുന്നവരുടെ മോഹം. ടിക്കറ്റ് വാങ്ങുന്നവരുടെയെല്ലാം മോഹം’എനിക്കടിക്കണേ’ എന്നാണ്. കോടിക്കണക്കിന് ആളുകളുകളില്‍ ഒരാള്‍ക്കു മാത്രമെ നറുക്കു വീഴൂ. ഇതും ഒരു തരം ചൂതുകളി തന്നെയല്ലേ?
ഇതിലും അത്ഭുതകരമാണ് പണം സമ്പാദനത്തിന് മന്ത്രവാദത്തില്‍ കുടുങ്ങിപ്പോകുന്നവരുടെ കാര്യം. നിധി കുഴിച്ചെടുക്കല്‍, പണമോ സ്വര്‍ണ്ണമോ ഇരട്ടിപ്പിക്കല്‍ തുടങ്ങിയ പ്രലോഭനങ്ങളില്‍ കുടുങ്ങി പോകുന്നവരില്‍ മിക്കവരും വിദ്യാസമ്പന്നരോ സാമ്പത്തികമായി ഉന്നതിയിലുള്ളവരോ ആണ്.
ലോകത്ത് നടക്കുന്ന ഇമ്മാതിരി തട്ടിപ്പുകള്‍ കണ്ടും കേട്ടും അറിഞ്ഞവര്‍ അതേ ട്രാപ്പില്‍ പെട്ടു പോകുന്നു എന്നുള്ളതാണ് സങ്കടകരം.
കാഞ്ഞങ്ങാട്ടെ ജിന്നുമ്മ സംഭവത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. മുപ്പതു വയസ്സിന് താഴെയുള്ള സുന്ദരി സ്ത്രീയുടെ വലയിലാണ് സമ്പന്നനായ വ്യക്തി വീണു പോയത്. അവരുടെ വാചാലതയിലോ സൗന്ദര്യത്തിലോ ആവാം അദ്ദേഹം അകപ്പെട്ടു പോയത്. സ്വര്‍ണം ഇരട്ടിപ്പിച്ചു തിരിച്ചു തരാം എന്ന കണ്ടീഷനിലാണ് വീട്ടിലുണ്ടായ സ്വര്‍ണ്ണത്തിനു പുറമേ ബന്ധുജനങ്ങളില്‍ നിന്നു കൂടി സ്വര്‍ണ്ണം കടം വാങ്ങി ഇരട്ടിപ്പിക്കല്‍ പ്രക്രിയക്ക് ജിന്നുമ്മയുടെ കൈകളില്‍ വിശ്വാസപൂര്‍വ്വം അദ്ദേഹം ഏല്‍പ്പിക്കുന്നത്.
കുടുംബാംഗങ്ങളെ പോലും അറിയിക്കാതെ രഹസ്യമായാണ് ഈ ഇടപാടില്‍ അദ്ദേഹം വ്യാപൃതനായത്. പണ്ടുപണ്ടേ കേള്‍ക്കുന്നതാണ് ചിലര്‍ക്ക് ജിന്ന് ബാധ കൂടുന്നു എന്നത്. അവര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ പറ്റുമെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പറ്റുമെന്നും പറയപ്പെടാറുണ്ട്. എന്തെങ്കിലും ഖുറാന്‍ ആയത്തുകള്‍ ഓതുകയും, ഉപദേശങ്ങള്‍ നല്‍കി പ്രശ്നവുമായി വന്ന വ്യക്തികളെ സാന്ത്വനപ്പെടുത്തി വിടുകയുമാണ് അക്കാലത്ത് ചെയ്തത്. അതൊരു പുണ്യ പ്രവൃത്തിയായി സമൂഹം അംഗീകരിച്ചിരുന്നു. ക്രമേണ ജിന്നുപ്പമാരും ജിന്നുമ്മമാരും കള്ളത്തരം ചെയ്യാന്‍ തുടങ്ങി. തട്ടിപ്പാണ് ഇവര്‍ ചെയ്യുന്നതെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ ചതിയില്‍ പെട്ടു പോവുകയാണ് ചിന്തിക്കാനും പഠിക്കാനും കഴിയാത്തവര്‍. എല്ലാം പണമുണ്ടാക്കാനുള്ള അത്യാര്‍ത്തി മൂലം കാട്ടിക്കൂട്ടുന്ന തട്ടിപ്പുകളാണ്. നൂറ് കണക്കിന് അനുഭവങ്ങള്‍ ഇതുപോലെ നടന്നിട്ടുണ്ട്. വാര്‍ത്താ മാധ്യമങ്ങളിലൂടെ ജിന്നുബാധയെക്കുറിച്ചും മന്ത്രവാദങ്ങളെക്കുറിച്ചും വിശദമായി പ്രസിദ്ധപ്പെടുത്താറുണ്ട്. ജിന്നുമ്മക്കും ജിന്നുപ്പക്കും സഹായിയായി ചിലപ്പോള്‍ ഒരാളുണ്ടാവും. ആധുനിക കാലത്ത് അവര്‍ക്കൊരു ഗാംഗ് തന്നെ ഉണ്ടാവുന്നു.
പൂച്ചക്കാട് പ്രവാസി വ്യാപാരി അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തില്‍ കലാശിച്ച സംഭവത്തില്‍ ജിന്നുമ്മയായ കെ.എച്ച് ഹമീമ, ഭര്‍ത്താവായ ഉവൈസ് സഹായിയായ അസ്നിഫ, സ്വര്‍ണ്ണ വില്‍പനക്ക് സഹായിയായ ആയിഷ എന്നിവരടങ്ങിയ ഗ്യാങ്ങാണ് പ്രവര്‍ത്തിച്ചത്. പ്രവാസി ജീവിതത്തിലൂടെ കഠിനാധ്വാനം ചെയ്തു ഉണ്ടാക്കിയ മുക്കാല്‍ കിലോ സ്വര്‍ണ്ണവും സ്വന്തം ജീവനുമാണ് ഹാജിക്കു നഷ്ടമായത്.
ജിന്ന് എന്ന് പറയുന്ന അദൃശ്യമായ ശക്തി ഉണ്ടെന്ന അന്ധവിശ്വാസമാണ് ഗഫൂര്‍ ഹാജിയെ ഇതിലേക്ക് നയിച്ചിട്ടുണ്ടാവുക. ഇതിന് പുറമേ അധ്വാനിക്കാതെ പണം വരാമെന്ന വിശ്വാസവും. ഹമീമ എന്നു പേരായ 34 വയസ്സുകാരിയുടെ വാചാലതയിലും സാമീപ്യത്തിലും വീണു പോയിട്ടുണ്ടാവാം.
ഈ കുതന്ത്രം വീട്ടുകാരെയൊന്നും അറിയിച്ചു കൂടായെന്നും അവരുടെ സാമീപ്യമുണ്ടാവരുതെന്നും ഹാജിക്കയെ ബോധ്യപ്പെടുത്തുന്നതില്‍ യുവതിയും സുന്ദരിയുമായ ജിന്നുമ്മ വിജയിച്ചു. ദീര്‍ഘനാളത്തെ ആഭിചാരിക പ്രവൃത്തി നടത്തുമ്പോഴും ജീവിതാനുഭവങ്ങള്‍ ഏറെയുള്ള ഗഫൂര്‍ ഹാജിക്കു കള്ളത്തരം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതില്‍ അത്ഭുതം തോന്നുന്നു.
ഇത്രയും കാര്യങ്ങള്‍ സമൂഹത്തിലെ ആളുകള്‍ക്ക് പകല്‍വെളിച്ചം പോലെ ബോധ്യപ്പെട്ടിട്ടും രോഗം മാറാനും, പരീക്ഷ പാസാകാനും കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനും നഷ്ടപ്പെട്ട പണവും സമ്പത്തും തിരിച്ചു കിട്ടാനും ജിന്നുമ്മയെ തേടി പോവുന്നവര്‍ ഉണ്ടാവും തീര്‍ച്ച. സ്വന്തം പ്രശ്നം പരിഹരിക്കാന്‍ കഴിയാത്ത ജിന്നുപ്പക്കും ജിന്നുമ്മക്കും മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് എങ്ങനെയാണ് പരിഹാരം കാണാനാവുക? ശത്രുസംഹാരത്തിനും മാരക രോഗം ഒഴിവാക്കാനും ‘മാരണം’ ചെയ്യാനും ചില വിഡ്ഢികള്‍ അന്വേഷിച്ചു പോവുക ഇത്തരം കള്ള പരിഷകളെയാണ്. അന്ധവിശ്വാസത്തിലധിഷ്ഠിതമായ ചിന്തകള്‍ പ്രചരിപ്പിക്കാന്‍ മതത്തിന്റെ അപ്പോസ്തലന്മാരും മുന്നിട്ടിറങ്ങുന്നതാണ് ഏറ്റവും ദു:ഖകരം. ഇപ്പോഴും മന്ത്രിച്ചൂതലും, മന്ത്രിച്ച ഉറുക്കു കെട്ടലും, മന്ത്രച്ചരടുകെട്ടലും, മാലപ്പാട്ടുപാടി നേര്‍ച്ച കഴിക്കലും, മഖ്ബറകളില്‍ വെള്ള മൂടലും ഒക്കെ നടന്നുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് ഉന്നതി കൈവരിച്ചവരും ഇതിനൊക്കെ കൂട്ടുനില്‍ക്കുകയും വ്യാപരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഈ ശാസ്ത്രയുഗത്തിലും കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ അവസ്ഥയില്‍ ലജ്ജ തോന്നുന്നു

അടിക്കുറിപ്പ്: എന്റെ ബാപ്പയുടെ ബാപ്പ ജിന്നുപ്പയായിരുന്നു. കാര്‍ഷികരംഗത്തെ വലിയ ഭൂവുടമയായിട്ടും എല്ലാം വിറ്റുതുലച്ച് ദാരിദ്രാവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ജിന്നുകാരനായിട്ടും ഇതൊക്കെ മുന്‍കൂട്ടി കാണാതെ പോയതെന്തേയെന്ന ദുഃഖം എന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നും ആവശ്യം: അവഗണനക്കെതിരെ പ്രക്ഷോഭത്തിനു സംഘടനകള്‍

You cannot copy content of this page