വീട്ടിലേക്ക് നടന്നുവരികയായിരുന്ന വീട്ടമ്മയുടെ നാലുപവന്‍ സ്വര്‍ണമാല തട്ടിയെടുത്ത യുവാവിനെ പൊലീസ് പിടികൂടി. ബല്‍ത്തങ്ങാടി ഡെംബുഗെ ഗിരിഗുഡ്ഡെയില്‍ താമസിക്കുന്ന ഉമേഷ് ഗൗഡ (38) ആണ് പിടിയിലായത്. ബല്‍ത്തങ്ങാടി കൊയ്യൂര്‍ സ്വദേശി ദാമോദര്‍ ഭട്ടിന്റെ ഭാര്യ രാജീവി(50)യുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തിലാണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് രാജീവി ബസിറങ്ങി വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് സംഭവം. പിറകെ പിന്തുടര്‍ന്ന് വന്ന യുവാവ് മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ എതിര്‍ത്തതോടെ മാല പൊട്ടി. കയ്യില്‍ കിട്ടിയ പകുതി ഭാഗവുമായി മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. രാജീവിയുടെ ബഹളം കേട്ട് നാട്ടുകാര്‍ കളളനെ പിന്തുടര്‍ന്നെങ്കിലും വനത്തിലുള്ളിലേക്ക് ഓടിപ്പോവുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ബെല്‍ത്തങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാഗേഷ് കദ്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതിയെ വീട്ടില്‍ വച്ച് പിടികൂടി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മറ്റു മാല മോഷണ കേസുകളില്‍ പ്രതിക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
