കാസര്‍കോട്: വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാ പ്രതിയെ മഞ്ചേശ്വരം പൊലീസ് അതിസാഹസികമായി അറസ്റ്റു ചെയ്തു.
ഉപ്പള കൈക്കമ്പ ബംഗ്ലാ കോമ്പൗണ്ടിലെ ആദംഖാ(24)നെയാണ് പൊലീസ് അതിസാഹസികമായി വീടു വളഞ്ഞ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെയും ഡിവൈ.എസ്.പി കെ. സുനില്‍ കുമാറിന്റെയും നേതൃത്വത്തില്‍ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അനൂബ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപി, സിപിഒമാരായ വിജയന്‍, അനീഷ് കുമാര്‍ കെ.എം, സന്ദീപ് എം, ഭക്തതശൈവന്‍ സിഎച്ച് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
മഞ്ചേശ്വരത്തെ വധശ്രമക്കേസില്‍ 2020ല്‍ പിടിയിലായ ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കോവിഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്ത് ആശുപത്രി രണ്ടാം നിലയില്‍ നിന്നു ജനല്‍ വഴി ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഒളിവില്‍ തങ്ങിയ ഇയാള്‍ വധശ്രമം, മോഷണം, മയക്കുമരുന്നു വ്യാപാരം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്നു പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി കൈക്കമ്പയിലെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് പൊലീസ് സംഘം വീടു വളഞ്ഞ് പ്രതിയെ പിടികൂടിയത്.