കാസര്‍കോട്: രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്.ഐ മദ്യലഹരിയിലാണെന്ന് ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഫോണ്‍ ചെയ്ത് അറിയിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഫോണ്‍ ചെയ്ത ആളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അതിഞ്ഞാലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹൊസ്ദുര്‍ഗ് സ്‌റ്റേഷനിലെ എസ്.ഐ മോഹനനെതിരെയാണ് പരാതി പറഞ്ഞത്. ഈ വിവരം അന്നു രാത്രി നൈറ്റ് ഓസ്‌ക്കാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബിനെ അറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി മോഹനനെ ചോദ്യം ചെയ്തുവെങ്കിലും മദ്യലഹരിയിലാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സമയത്താണ് തനിക്കെതിരെ പരാതി നല്‍കിയ കാര്യം എസ്‌ഐ അറിഞ്ഞത്. വ്യാജ പരാതി നല്‍കിയ ആള്‍ക്കെതിരെ കേസെടുക്കണമെന്നും മെഡിക്കല്‍ പരിശോധനയ്ക്ക് തയ്യാറാണെന്നും എസ്.ഐ അറിയിച്ചു. തുടര്‍ന്ന് വൈദ്യ പരിശോധന നടത്തി. ഈ പരിശോധനയിലും എസ്.ഐ മദ്യപിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
