കാസര്‍കോട്: കാഞ്ഞങ്ങാട്, അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹൊസ്ദുര്‍ഗ് കേന്ദ്രീകരിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് ആരംഭിച്ചത്. ആശുപത്രിക്കു സമീപത്ത് വച്ച് ഡിവൈ.എസ്പി ബാബു പെരിങ്ങേത്ത്, ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. ഇതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. ഇതിനിടയില്‍ ഒരു സംഘം മറ്റൊരു ഗേറ്റ് വഴി ആശുപത്രി വളപ്പിലേക്ക് തള്ളിക്കയറിയതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയത്. മാര്‍ച്ച് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം വിഷ്ണു ചേരിപ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രസിത സി. പവിത്രന്‍ ആധ്യക്ഷം വഹിച്ചു.
തിങ്കളാഴ്ച വൈകുന്നേരം പൊലീസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആരോപണ വിധേയായ വാര്‍ഡനെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ സമരം കര്‍ശനമായി തുടരുമെന്നു എസ്.എഫ്.ഐ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
അതേ സമയം മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ. കഴിഞ്ഞ ദിവസമാണ് മന്‍സൂര്‍ നഴ്‌സിംഗ് കോളേജിലെ 21 കാരിയായ വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്.

