തൃശൂര്‍: താരജോഡികളായ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. പ്രമുഖ മോഡലായ താരിണി കലിംഗരായര്‍ ആണ് വധു. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ ഞായറാഴ്ച രാവിലെ 7.15നും എട്ടിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്.
നവംബര്‍ മാസത്തിലാണ് കാളിദാസും താരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. നീലഗിരി സ്വദേശിനിയാണ് ഇരുപത്തിനാലുകാരിയായ താരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണര്‍അപ്പ് കൂടിയായ താരിണി വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. വിവാഹ ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി മുഹമ്മദ് റിയാസ്, ചലച്ചിത്ര- രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.