കാസര്‍കോട്: ഖത്തറിലെ കെ.എല്‍ 14 എന്ന ഓണ്‍ലൈന്‍ ചാനല്‍ നടത്തുന്ന കാസര്‍കോട് നാഷണല്‍ നഗറിലെ സുബൈര്‍ എന്ന ജുബൈര്‍ ലക്ഷക്കണക്കിനു രൂപ വിശ്വാസവഞ്ചന നടത്തി പറ്റിച്ചെന്നു മൊഗ്രാല്‍ റഹ്‌മത്ത് നഗര്‍ താഹിറ മന്‍സിലിലെ കെ. യൂസഫ് പൊലീസില്‍ പരാതിപ്പെട്ടു.
2024 നവംബര്‍ 27ന് പഴയ പ്രസ്‌ക്ലബ്ബിനടുത്തുള്ള സിറ്റിഗോള്‍ഡ് ജ്വല്ലറി പാര്‍ക്കിംഗ് സ്ഥലത്തു വച്ചാണ് പരാതിക്കാരന്റെ സുഹൃത്തുകൂടിയായ സുബൈര്‍ 6,30,000 രൂപ ഉടന്‍ തിരിച്ചു തരാമെന്നു പറഞ്ഞു പറഞ്ഞു വാങ്ങിയതെന്നു പരാതിയില്‍ പറഞ്ഞു. എന്നാല്‍ 75,000 രൂപ തിരിച്ചു നല്‍കിയെന്നും ബാക്കി പണം ചോദിച്ചപ്പോള്‍ ഖത്തറിലേക്കു സ്ഥലം വിട്ടുവെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. തന്റെ സ്വര്‍ണ്ണം ജ്വല്ലറിയില്‍ പണയം വച്ചിട്ടുണ്ടെന്നും അതെടുത്തു ജ്വല്ലറിയില്‍ തന്നെ വിറ്റ ശേഷം പണം തിരിച്ചു നല്‍കാമെന്നു ഉറപ്പു പറഞ്ഞാണ് 6,30,000 രൂപ തന്നില്‍ നിന്നു സുബൈര്‍ വാങ്ങിയതെന്നു യൂസഫ് പരാതിയില്‍ പറഞ്ഞു. താന്‍ പരസ്യം നല്‍കി വരുന്ന ചാനലിന്റെ ഉടമയാണ് സുബൈറെന്നു പരാതിക്കാരന്‍ വെളിപ്പെടുത്തി.
പണം തിരിച്ചു ചോദിച്ചപ്പോള്‍ പണം വാങ്ങിയതിന്റെ തെളിവു ചോദിച്ചു പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്നു കൂട്ടിച്ചേര്‍ത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ താമസിച്ചുവരുന്ന കീഴൂരിലെ ഭാര്യാവീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു കഴിഞ്ഞു ഉടന്‍ ഇയാള്‍ ഖത്തറിലേക്കു മുങ്ങിയെന്ന വിവരം ലഭിച്ചതെന്നു പരാതിക്കാരന്‍ പറയുന്നു.
