മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് അക്രം വൈകര്‍ എന്ന ഇമെയില്‍ ഐഡിയില്‍ നിന്ന് ഭീഷണിയെത്തിയത്. തുടര്‍ന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ട് ജീവനക്കാരും ടെര്‍മിനലിലും വിമാനത്താവളത്തിന്റെ മറ്റ് ഭാഗങ്ങളിലും പരക്കെ തിരച്ചില്‍ നടത്തി. എന്നാല്‍, പരിശോധനയില്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ബജ്പെ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ടെര്‍മിനലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് കാണിച്ച് നവംബര്‍ 30ന് ഇമെയില്‍ വന്നതിന് പിന്നാലെയാണ് വീണ്ടും ബോംബ് ഭീഷണി എത്തിയത്. തമിഴ്നാട്ടിലെ രണ്ട് വിവാദ കേസുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങളാണ് ഇമെയിലില്‍ പരാമര്‍ശിക്കുന്നതായാണ് വിവരം. മയക്കുമരുന്ന് തലവന്‍ സഫര്‍ സാദിഖിനും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഭാര്യയും ചലച്ചിത്ര നിര്‍മ്മാതാവുമായ കൃതിഗ ഉദയനിധിക്കുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു ഭീഷണി സന്ദേശം. തിരുച്ചി സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ തടവില്‍ കഴിയുന്ന തമിഴ്നാട് ലിബറേഷന്‍ ആര്‍മി (ടിഎന്‍എല്‍എ) നേതാവ് എസ് മാരനെ മോചിപ്പിക്കണമെന്നും ഇമെയിലൂടെ ആവശ്യപ്പെട്ടു. സഫര്‍ സാദിഖ്, കിരുത്തിഗ ഉദയനിധി എന്നിവരുടെ പേര് പരാമര്‍ശിച്ച് തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകളെ ലക്ഷ്യമിട്ട് ഒക്ടോബര്‍ 25 ന് മുമ്പ് നടന്ന ബോംബ് ഭീഷണിയുമായി ഈ സന്ദേശത്തിന് സാമ്യനുള്ളതായി അധികൃതര്‍ കണ്ടെത്തി. തമിഴ്നാടുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ കണക്കിലെടുത്ത്, ആ സംസ്ഥാനത്ത് നിന്നുള്ള വ്യക്തികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
