കാസര്‍കോട്: മഞ്ചേശ്വരത്ത് വീണ്ടും വന്‍ലഹരിവേട്ട. 72.73 ഗ്രാം എം.ഡി.എം.എ.യുമായി കാഞ്ഞങ്ങാട് സ്വദേശി പിടിയില്‍. കാഞ്ഞങ്ങാട് ഇട്ടമ്മല്‍ സ്വദേശി നിസാമുദ്ദീന്‍ (35) ആണ് പിടിയിലായത്. കാസര്‍കോട് സി വൈ എസ് പി സുനില്‍ കുമാര്‍ സി.കെ യുടെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അനൂബ് കുമാര്‍ എസ് .ഐ മാരായ രതീഷ് ഗോപി, ഉമേഷ് എ.എസ്.ഐ അതുല്‍റാം, എസ്.സി.പി.ഒ രാജേഷ് കുമാര്‍, സി.പി.ഒ അബ്ദുള്‍ സലാം പ്രത്യേക ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ തലപ്പാടിയില്‍ നിന്ന് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിലവില്‍ മയക്കുമരുന്നു കേസുള്ള യുവാവാണ് പിടിയിലായതെന്നാണ് വിവരം. മഞ്ചേശ്വരത്തു രഹസ്യ കേന്ദ്രത്തില്‍ നിന്നു മയക്കുമരുന്നു വാങ്ങി നാട്ടിലേക്കു തിരിക്കുന്നതിനിടയിലാണ് യുവാവ് പൊലീസിന്റെ പിടിയിലായത്.
ന്യൂ ഇയര്‍ ആഘോഷത്തിനായി വന്‍ തോതില്‍ മയക്കുമരുന്നു കടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദ്ദേശ പ്രകാരം ചൊവ്വാഴ്ച ആരംഭിച്ച ‘ഓപ്പറേഷന്‍ ന്യൂ ഇയര്‍ ഹണ്ട്’ പരിശോധനയുടെ ഭാഗമായി തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മഞ്ചേശ്വരത്ത് ലഹരിവേട്ട നടന്നത്. ചൊവ്വാഴ്ച മീഞ്ചയിലെ ഒരു ചെങ്കല്‍ ക്വാറിയിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ 22ഗ്രാം എം.ഡി.എം.എ.യാണ് പിടികൂടിയത്. കാസര്‍കോട് പൊലീസ് ആര്‍.ഡി നഗറില്‍ നടത്തിയ വാഹന പരിശോധനക്കിടയില്‍ സ്‌കൂട്ടറില്‍ കടത്തിയ 30.22 ഗ്രാം എം.ഡി.എം.എ.യും 13300 രൂപയുമായി മാസ്തിക്കുണ്ട് സ്വദേശിയേയും അറസ്റ്റു ചെയ്തിരുന്നു.
