പുത്തൂര്‍: യുവാവിനെ കാറില്‍ കയറ്റി കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടില്‍ വച്ച് പെട്രൊളൊഴിച്ച് കത്തിച്ചു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.
പുത്തൂര്‍, കഡബ, മുംഗ്ലിമജലുവിലെ സന്ദീപ് ഗൗഡ (29)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് പ്രതീകി(30)നെ പൊലീസ് അറസ്റ്റു ചെയ്തു. പന്തല്‍ പണിക്കാരനാണ് കൊല്ലപ്പെട്ട സന്ദീപ് ഗൗഡ. നവംബര്‍ 28ന് ജോലിക്കു പോയ ശേഷം തിരിച്ച് വീട്ടില്‍ എത്തിയിരുന്നില്ല. ഇതു സംബന്ധിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് സന്ദീപിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചു. ഇതോടെയാണ് പൊലീസ് ഉണര്‍ന്നത്. സഹതൊഴിലാളികളെ ചോദ്യം ചെയ്തപ്പോള്‍ പ്രതീക് എന്നയാളുടെ കാറില്‍ കയറി പോകുന്നത് കണ്ടിരുന്നതായി മൊഴി നല്‍കി. പ്രതീകിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സന്ദീപിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി നെട്ടണിഗെ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നു ഒന്നര കിലോമീറ്റര്‍ അകലെയുള്ള കാട്ടിലെത്തിച്ച് കൊലപ്പെടുത്തിയെന്നു പ്രതീക് മൊഴി നല്‍കി. പ്രതിയേയും കൊണ്ട് സ്ഥലത്തെത്തിയ പൊലീസ് സംഘം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തി. കൊലപാതകത്തിനു സഹായം ചെയ്ത രണ്ടു പേരെ ചോദ്യം ചെയ്തുവരികയാണ്.