കണ്ണൂര്‍: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയും.
മാട്ടൂല്‍ നോര്‍ത്ത് മുട്ടം പാണ്ടിയാലയിലെ സി എം അബ്ദുല്‍ ജബ്ബാറിന്റെയും എസ്എല്‍പി ഫസീലയുടെയും മകന്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാറാണ് മരിച്ചത്. വളരെ സൗമ്യനായ അബ്ദുല്‍ ജബ്ബാര്‍ നീറ്റ് പരീക്ഷയില്‍ സംസ്ഥാനത്ത് മികച്ച റാങ്ക് നേടിയിരുന്നു. വാദിഹുദാ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയാണ് മെഡിക്കല്‍ പഠനത്തിന് ചേര്‍ന്നത്. ഇരട്ട സഹോദരനായ മിഷാല്‍ എന്‍ജിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുകയാണ്. വാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രാവിലെ തന്നെ ആലപ്പുഴയിലെത്തി. വിവരമറിഞ്ഞ് പിതാവ് സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുവരും. പൊതുദര്‍ശനത്തിന് ശേഷം വേങ്ങരയില്‍ ഖബറടക്കും. മിന്‍ഹ, മുഹീസ് എന്നിവരാണ് മറ്റു സഹോദരങ്ങള്‍. തിങ്കളാഴ്ച രാത്രി പത്തരയോടെ ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.