കണ്ണൂര്‍: വളപട്ടണം, മന്നയിലെ അരിവ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ നിന്നു 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണ്ണവും കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റിലായ അയല്‍ക്കാരന്‍ ലിജേഷിന്റെ മൊഴി ചര്‍ച്ചയായി. എ.സി.പി ടി.കെ രത്‌ന കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നതിനിടയിലാണ് അന്വേഷണ സംഘം ഒരിക്കലും പ്രതീക്ഷിക്കാത്ത മൊഴി അറസ്റ്റിലായ ലിജേഷ് നല്‍കിയത്. ”കുറച്ച് പണവും ആഭരണവും മാത്രം എടുത്തിരുന്നുവെങ്കില്‍ വീട്ടുകാര്‍ പരാതി നല്‍കുമായിരുന്നില്ല. ഇത്രയും പണവും സ്വര്‍ണ്ണവും എടുത്തത് തെറ്റായിപ്പോയി”. ഈ മൊഴിയാണ് പൊലീസിനിടയില്‍ ചര്‍ച്ചയായി മാറിയത്.
കവര്‍ച്ചാ മുതലുകള്‍ സ്വന്തം മുറിയിലോ, കട്ടിലിനു കീഴിലെ അറയിലോ അല്ല ലിജേഷ് സൂക്ഷിച്ചിരുന്നത് മാതാവ് ഉപയോഗിക്കുന്ന കട്ടിലിനു കീഴിലെ രഹസ്യ അറയിലാണ്. ഇക്കാര്യം അറിയാതെ മാതാവ് ഒരാഴ്ചയിലധികം ദിവസങ്ങളില്‍ പ്രസ്തുത കട്ടിലിനു മുകളിലാണ് കിടന്നത്. റിമാന്റിലായ ലിജേഷിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി വളപട്ടണം പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ഒരു വര്‍ഷം മുമ്പ് കീച്ചേരിയിലെ ജസീലയുടെ വീട്ടില്‍ നിന്നു 11.5 പവന്‍ സ്വര്‍ണ്ണവും നാലരലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസിന്റെ തെളിവെടുപ്പിനാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിക്കുന്നത്. അഷ്‌റഫിന്റെ വീട്ടിലെ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായപ്പോഴാണ് കീച്ചേരിയില്‍ കവര്‍ച്ച നടത്തിയതും ലിജേഷ് ആണെന്നു വ്യക്തമായത്.
