കണ്ണൂര്‍: അരി വ്യാപാരിയുടെ വീട്ടില്‍ നിന്നു ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. വളപട്ടണം, മന്ന, മുണ്ടച്ചാല്‍ ഹൗസില്‍ സി.പി ലിജേഷി (45)നെയാണ് എ.സി.പി ടി.കെ രത്‌നകുമാര്‍, വളപട്ടണം ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. നവംബര്‍ 20ന് രാത്രിയിലാണ് അരിവ്യാപാരിയായ മന്നയിലെ അഷ്‌റഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ ജനല്‍കമ്പികള്‍ ഇളക്കി മാറ്റി അകത്തു കടന്ന മോഷ്ടാവ് അലമാരകളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തത്. കവര്‍ച്ചാ മുതലുകള്‍ അറസ്റ്റിലായ ലിജേഷിന്റെ കിടപ്പുമുറിയിലെ കട്ടിലിന്റെ അടിഭാഗത്ത് ഇരുമ്പില്‍ പണിത പ്രത്യേക അറയില്‍ നിന്നു പൊലീസ് കണ്ടെടുത്തു. അഷ്‌റഫും കുടുംബവും തമിഴ്‌നാട്, മധുരയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു കവര്‍ച്ച. രണ്ടു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അഷ്‌റഫിന്റെ വീട്ടിലെയും പരിസരത്തെയും മറ്റൊരു വീട്ടിലെയും സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ കവര്‍ച്ച നടത്തിയത് ഒരാള്‍ മാത്രമാണെന്ന സൂചന ലഭിച്ചു. ഉയരം കുറഞ്ഞ കഷണ്ടിക്കാരനാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നും വ്യക്തമായി. തുടര്‍ന്ന് മന്നയിലെയും പരിസരത്തെയും 200 ഓളം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇക്കൂട്ടത്തില്‍ ലിജേഷും ഉണ്ടായിരുന്നു. ഇതിനിടയില്‍ ഇയാളുടെ സുഹൃത്തുക്കളില്‍ നിന്നു ലഭിച്ച മൊഴി നിര്‍ണ്ണായകമായി. കവര്‍ച്ച നടക്കുന്നതിനു ഏതാനും ദിവസം മുമ്പ് ലിജേഷ് ഒരു മുഖംമൂടി വാങ്ങിയിരുന്നുവെന്നതായിരുന്നു മൊഴി. ഇതേ തുടര്‍ന്ന് ലിജേഷിനെ കസ്റ്റഡിയിലെടുത്തു വീണ്ടും ചോദ്യം ചെയ്തപ്പോള്‍ മുഖം മൂടി വാങ്ങിച്ചിരുന്നുവെന്ന കാര്യം സമ്മതിച്ചു. കോഴിക്കോട് നിന്നാണ് മുഖം മൂടി വാങ്ങിയതെന്നും അത് അവിടെ തന്നെ ഉപേക്ഷിച്ചുവെന്നുമാണ് മൊഴി നല്‍കിയത്. ഇതില്‍ സംശയം തോന്നിയ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ കവര്‍ച്ചയ്ക്കു തുമ്പായത്. തുടര്‍ന്ന് ലിജേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കവര്‍ച്ചാ മുതലുകള്‍ കണ്ടെടുക്കുകയും ചെയ്തു. ഒരു വര്‍ഷം മുമ്പ് കീച്ചേരിയിലെ വീട്ടില്‍ കവര്‍ച്ച നടന്നിരുന്നു. അന്ന് 11.5 പവന്‍ സ്വര്‍ണ്ണവും നാലരലക്ഷം രൂപയുമാണ് കവര്‍ച്ച പോയത്. ഇരു കവര്‍ച്ചകളും സമാന രീതിയിലാണ് നടന്നത്. ചോദ്യം ചെയ്യലില്‍ കീച്ചേരിയില്‍ കവര്‍ച്ച നടത്തിയതും താനാണെന്നു ലിജേഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
