കൊച്ചി: കൊച്ചിയില്‍ രണ്ടിടത്ത് വന്‍ തീപിടിത്തം. നെടുമ്പാശേരിയില്‍ വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ വാഹനങ്ങള്‍ കത്തി. ആപ്പിള്‍ റസിഡന്‍സിയില്‍ അര്‍ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. കാര്‍ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ അഗ്‌നിബാധയില്‍ ഒരു കാര്‍ പൂര്‍ണമായും 3 കാറുകളും ഏതാനും 5 ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. ഒരു മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ വൈദ്യുതി പൂര്‍ണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചു രക്ഷപ്പെടുത്തി. മുറിയിലെ എസിയും വയറിംഗും കത്തി നശിച്ചു. അതിനിടെ കൊച്ചിയില്‍ ആക്രിക്കടയിലും വന്‍ തീപിടുത്തമുണ്ടായി. എറണാകുളം സൗത്ത് പാലത്തിന് സമീപം പുലര്‍ച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായത്. പത്തിലധികം യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ടര മണിക്കൂറോളം നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. അളപായമില്ല. സാമൂഹ്യ വിരുദ്ധര്‍ തീയിട്ടതാണോയെന്ന് സംശയമെന്ന് സ്ഥാപന ഉടമയുടെ ബന്ധു പ്രദീപ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയില്ലെന്നും പ്രദീപ് പറയുന്നു. തീപിടുത്തത്തിനു മുന്‍പ് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി കടയുടമയുടെ മാതാവ് സരസ്വതി പറഞ്ഞു. പുലര്‍ച്ചെ 2.30നും 3 നും ഇടയിലാണ് തീപിടുത്തം ഉണ്ടായിയതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. 30 വര്‍ഷമായി ആക്രിക്കച്ചവടം ചെയ്യുന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ പത്തിലധികം യൂണിറ്റുകള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം നടത്തുന്നുവെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.