ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി വഴി പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് 7.3 ലക്ഷം രൂപ. മംഗളൂരു സ്വദേശിയായ യുവാവിനെയാണ് ഇറ പാണ്ഡെ എന്ന യുവതി കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ആപ്പുവഴി പരിചയപ്പട്ട് സൗഹൃദം സ്ഥാപിച്ചതോടെ യുവതി യുവാവിനോട് വിവിധ നിക്ഷേപങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു. പിന്നീട് ലാഭകരമായ ഓണ്‍ലൈന്‍ നിക്ഷേപ കമ്പനിയെ കുറിച്ച് വിശദീകരിച്ചു. യുവതിയുടെ വാഗ്ദാനത്തില്‍ വീണ യുവാവ് ഘട്ടംഘട്ടമായി 8.5 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് 1.2 ലക്ഷം രൂപ അതില്‍ നിന്ന് പിന്‍വലിച്ചതോടെ കമ്പനിയെ കുറിച്ച് വിശ്വാസ്യത വന്നു. കുറേ നാള്‍ കഴിഞ്ഞ് ബാക്കി തുക കൂടി പിന്‍വലിക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ 30 ശതമാനം നികുതി അടച്ചാല്‍ മാത്രമേ ബാക്കി തുക പിന്‍വലിക്കാനാകൂവെന്ന് യുവതി മറുപടി നല്‍കി. നികുതിയടച്ചിട്ടും നിക്ഷേപം തിരികെ കിട്ടിയില്ല. താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവാവ് പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ മംഗളൂരു പൊലീസ് സൈബര്‍ സെല്‍ വഴി അന്വേഷണം നടത്തിവരികയാണ്.