ന്യൂഡല്‍ഹി: ഇരുന്നൂറ് രൂപ ദിവസക്കൂലിക്ക് ഇന്ത്യന്‍ തീരസംരക്ഷണസേന കപ്പലുകളെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിയ യുവാവ് ഗുജറാത്തില്‍ അറസ്റ്റില്‍. ദീപേഷ് എന്ന യുവാവ് ആണ് തീരസംരക്ഷണസേന കപ്പലുകളുടെ സഞ്ചാരത്തെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തത്. ഗുജറാത്തിലെ ആന്റി-ടെററിസ്റ്റ് സ്‌ക്വാഡാണ് (എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ഓഖ തുറമുഖത്താണ് ദീപേഷ് ജോലി ചെയ്തുവരുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ പാക് ഏജന്റുമായി പരിചയത്തിലായത്. ‘സാഹിമ’ എന്ന പേരിലറിയപ്പെടുന്ന പാക് ഏജന്റ് ദീപേഷുമായി അടുത്ത ബന്ധം സ്ഥാപിച്ചു. വൈകാതെ തന്നെ ഇരുവരും വാട്സ് ആപ്പ് നമ്പറുകളും കൈമാറി. ഓഖ തുറമുഖത്തെ തീരസംരക്ഷണസേന കപ്പലുകളുടെ പേരും നമ്പറും സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ ദീപേഷില്‍ നിന്നും വാങ്ങി. 200 രൂപ നല്‍കിയാണ് യുവാവിനെ ഏജന്റ് സ്വാധീനിച്ചത്. പിന്നീട് 200 രൂപ ദിവസവേതനം നല്‍കി. ഇതിനോടകം പാക് ഏജന്റുമാരില്‍ നിന്ന് 42,000 രൂപയാണ് ഇയാള്‍ കൈപ്പറ്റിയതെന്ന് പൊലീസ് പറഞ്ഞു. തീരസംരക്ഷണസേന ബോട്ടുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് പാകിസ്ഥാനിലെ രഹസ്യ ഏജന്റുമാര്‍ ശ്രമിക്കുന്നത്. സമാനമായി തീരസംരക്ഷണസേന കപ്പലുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക് ചാരന് ചോര്‍ത്തിക്കൊടുത്ത കേസില്‍ പോര്‍ബന്തര്‍ സ്വദേശിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പങ്കജ് കോട്ടിയ എന്നയാളെയാണ് ആന്റി-ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.