കൊച്ചി:വിനോദസഞ്ചാരത്തിനായി കോഴിക്കോട്ടു നിന്ന് കൊച്ചി നഗരത്തിലെത്തിയ സ്പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ഭക്ഷ്യവിഷബാധ. നൂറോളംപേരെ ബുധനാഴ്ച രാത്രിയോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ 40 പേർക്ക് ചികിത്സ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കോഴിക്കോട് താമരശ്ശേരി പൂനൂരിലെ കാരുണ്യതീരം സ്പെഷ്യൽ സ്‌കൂളിൽനിന്നുള്ള വിദ്യാർഥികൾക്കും ഒപ്പമുണ്ടായിരുന്നവർക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. എറണാകുളം മറൈൻഡ്രൈവിലെ ബോട്ടിങ്ങിനിടെ കഴിച്ച ഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് അധ്യാപകരും വിദ്യാർത്ഥികളും പറയുന്നത്. എല്ലാ വർഷവും കുട്ടികളെ വിനോദസഞ്ചാരത്തിനായി കൊണ്ടുപോകാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഇത്തവണ ഇവർ കൊച്ചി നഗരത്തിലേക്ക് യാത്ര സംഘടിപ്പിച്ചത്. അറുപതോളം വിദ്യാർഥികളും അവരുടെ മാതാപിതാക്കളും അധ്യാപകരും അടക്കം രണ്ടുബസുകളിലായാണ് ബുധനാഴ്ച കൊച്ചിയിലെത്തിയത്. മറൈൻഡ്രൈവിലെ ബോട്ട് യാത്രയ്ക്ക് നേരത്തേ ഏർപ്പെടുത്തിയത് പ്രകാരം ബോട്ടുകാർ ഇവർക്കുള്ള ഭക്ഷണപ്പൊതികൾ ഒരുക്കിയിരുന്നു. ചോറും കറികളുമായിരുന്നു പൊതികളിൽ. ഇതാണ് വിദ്യാർഥികളും ഒപ്പമുണ്ടായിരുന്നവരും ഉച്ചയ്ക്ക് രണ്ടുമണിയോടെ കഴിച്ചത്. ബോട്ട് യാത്രയ്ക്കുശേഷം വൈകീട്ടോടെ ലുലു മാൾ സന്ദർശിക്കാൻ എത്തിയിരുന്നു. മാൾ നടന്നു കാണുന്നതിനിടെ കുട്ടികൾ ഓരോരുത്തരായി അസ്വസ്ഥത പ്രകടിപ്പിച്ചു. ഇവരെ ഒപ്പമുള്ളവർ ബാത്റൂമിലേക്ക് കൊണ്ടുപോയി. രാത്രി എട്ടുമണിയോടെ ഭക്ഷണം കഴിച്ച എല്ലാ കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും സമാനമായ പ്രശ്നങ്ങൾ ഉണ്ടായി. ഇതോടെയാണ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്.
