തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പാലക്കാട്ടെ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് നേതൃത്വം അറിയിച്ചതായി സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ അവകാശപ്പെട്ടു. ശോഭ സുരേന്ദ്രന്‍ പക്ഷം വോട്ട് മറിച്ചെന്നു നേരത്തെ സുരേന്ദ്രന്‍ പക്ഷം ആരോപിച്ചിരുന്നു. ശോഭാ സുരേന്ദ്രനും അവരെ അനുകൂലിക്കുന്ന 18 നഗരസഭാ കൗണ്‍സിലര്‍മാരും ചേര്‍ന്ന് ജയസാധ്യത അട്ടിമറിച്ചുവെന്നും കെ. സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പാലക്കാട്ടെ തോല്‍വിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിജെപി സംസ്ഥാന നേതൃയോഗം ചൊവ്വാഴ്ച കൊച്ചിയില്‍ ചേരാനിരിക്കെയാണ് കെ. സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജി സന്നദ്ധത അറിയിക്കുകയല്ല, കെ. സുരേന്ദ്രന്‍ രാജി വയ്ക്കുകയാണ് വേണ്ടതെന്നു ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പ്രതികരിച്ചു.
