കോവിഡ് കാലത്ത് നിര്‍ത്തല്‍ ചെയ്ത ട്രെയിനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കണം; കാഞ്ഞങ്ങാട് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോറം പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർക്ക് നിവേദനം നൽകി

കാസർകോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ നിര്‍ത്തലാക്കിയ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, റിസര്‍വേഷന്‍ അഡീഷണല്‍ കൗണ്ടര്‍, പാര്‍സല്‍ സര്‍വ്വീസ് എന്നിവ പുന:സ്ഥാപിക്കുക, കോവിഡ് കാലത്ത് നിര്‍ത്തല്‍ ചെയ്ത ട്രെയിനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കുക, ഓവര്‍ ബ്രിഡ്ജും ഫുട്ട് പാത്തും നിര്‍മ്മിക്കുക, നിരന്തര അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, ടൗണില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്കുള്ള റോഡുകള്‍ വികസിപ്പിച്ച് ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷന്‍ അഡീഷണല്‍ മാനേജര്‍ എസ് ജയകൃഷ്ണന്‍, റെയില്‍വെ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ എ.വി.ശ്രീകുമാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോറം നിവേദനം നല്‍കി.പാര്‍ക്കിംഗ് ഗ്രൗണ്ട് പരമാവധി പ്രയോജനപ്പെടുത്തുക പടിഞ്ഞാറുഭാഗം പാര്‍ക്ക് നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. റെയില്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡണ്ട് മാനുവല്‍ കുറിച്ചിത്താനം, ട്രഷറര്‍ അഹമ്മദ് കിര്‍മ്മാണി, കൂക്കള്‍ ബാലകൃഷ്ണന്‍, മുഹമ്മദ് ബെസ്റ്റോ, ഷാഹുല്‍ തുടങ്ങിയവരാണ് നിവേദനം സമര്‍പ്പിച്ചത്. കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയ അഡീഷണല്‍ മാനേജരും സംഘവും സ്റ്റേഷന്‍റെ കിഴക്ക് തെക്ക് ഭാഗത്ത് നിര്‍മ്മിക്കുന്ന പാര്‍ക്കിംഗ് ഏരിയ സന്ദര്‍ശിച്ചു. സ്റ്റേഷന്‍റെ കിഴക്ക് ഭാഗ ത്തെ ഓവുചാലിന് ദീപ്തി തിയറ്ററിന് സമീപം സ്ലാബ് നിര്‍മ്മിച്ച് ബസ്റ്റാന്‍റില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാഞ്ഞങ്ങാട് മെയിന്‍ റോഡില്‍ നിന്നും ഉണ്ണിമിശിഹാ ദേവാലയത്തിന്‍റെയും അരിമല ഹോസ്പിറ്റലിന്‍റെയും സമീപത്തുകൂടിയുള്ള റോഡ് പുതിയതായി നിര്‍മ്മിക്കുന്ന പാര്‍ക്കിംഗ് ഏരിയയിലേക്ക് കടക്കുന്നതിനുള്ള സൗകര്യങ്ങള്‍ വൈകാതെ ഏര്‍പ്പെടുത്താനും കീഴുദ്യോഗസ്ഥരുമായി എഡിആര്‍എം ചര്‍ച്ച നടത്തി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പാര്‍ക്കിംഗ് ഏരിയ പ്രവര്‍ത്തനസജ്ജമാവും. നിലവിലുള്ള പാര്‍ക്കിംഗ് സൗകര്യം പുതിയ സ്ഥലത്തേക്ക് മാറും. കോട്ടച്ചേരി പെട്രോള്‍ പമ്പിന് എതിര്‍വശത്തുനിന്നും നയാബസാര്‍ വഴി റെയില്‍വേ റോഡിലേക്കുള്ള സൗകര്യം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനെകുറിച്ച് എഡിആര്‍എം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാതയുമായി ചര്‍ച്ച നടത്തി. വൈസ് ചെയര്‍മാന്‍ പി.അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷ ലത എന്നിവരും ചെയര്‍പേഴ്സണോടൊപ്പം ഉണ്ടായിരുന്നു. പാലക്കാട് ഡിവിഷണല്‍ റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി അംഗം പി.എം.നാസറുമായി എഡിആര്‍എം ചര്‍ച്ചകള്‍ നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page